മരണത്തില്‍ അസ്വഭാവികതയുണ്ട് , എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ
എറണാകുളം: എഡിഎം നവീൻ ബാബുവിൻ്റെ മൃതദേഹം ശരിയായ രീതിയിലല്ല പോസ്‌റ്റ്മോർട്ടം ചെയ്‌തതെന്ന് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ. പരിയാരം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടത്തരുതെന്ന ആവശ്യം പരിഗണിച്ചില്ല. അന്വേഷണം നടക്കുമ്പോള്‍ തന്നെ പുതിയ സ്ഥാനത്തേക്ക് പ്രതിയായ പിപി ദിവ്യയെ നിയമിച്ചതിൻ്റെ അര്‍ഥം പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് തന്നെയാണെന്നും നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ കോടതിയെ അറിയിച്ചു. വാദം പൂർത്തിയായതോടെ നവീൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
കഴുത്തില്‍ പാടുണ്ടെന്നാണ് ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ട്, എന്നാല്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതില്ല. നിലവിലെ അന്വേഷണ സംഘത്തിനെ കുറിച്ച് മോശം അഭിപ്രായമില്ല. എന്നാല്‍ മറ്റൊരു എജന്‍സി നിപക്ഷമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്നും ഹർജിക്കാരി ആക്ഷേപമുന്നയിച്ചു. എന്നാൽ അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് ഹർജിയിലെ ആരോപണങ്ങളെന്നും, കൊലപാതക സാധ്യതയടക്കം പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.എന്നാൽ മൊബൈൽ ചാർജിങ് കേബിളിൻ്റെ വലിപ്പമുളള കയറിൽ നവീൻ ബാബു തൂങ്ങി മരിച്ചെന്ന് വിശ്വാസിക്കാനാകുന്നില്ലെന്നാണ് കുടുംബത്തിൻ്റെ മറ്റൊരു വാദം.