ADM നവീൻ ബാബുവിൻ്റെ മരണം: അധിക്ഷേപം പി.പി ദിവ്യ ആസൂത്രണം ചെയ്‌തത്‌ :കുറ്റപത്രം ഇന്ന് സമർപ്പിക്കും

0

കണ്ണൂർ :എഡിഎം കെ നവീൻ ബാബുവിന്റ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക.

യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പി പി ദിവ്യ പലതവണ കളക്ടറുടെ പി എ യെ ഫോണിൽ വിളിച്ചു.ദിവ്യ ക്ഷണിക്കാത്ത ചടങ്ങിനെത്തിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വഭാവികതയുമില്ല, അനധികൃത ഇടപെടലുമുണ്ടായിട്ടില്ല, കൈക്കൂലി വാങ്ങിയതിന് തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.എഡിഎമ്മിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്.. കലക്ടറുടെ ഓഫീസില്‍ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ഉറപ്പിച്ചിരുന്നു എന്നും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടി ചിത്രീകരിക്കാന്‍ കണ്ണൂര്‍ വിഷന്‍ ചാനലിനോട് നിര്‍ദ്ദേശിച്ചതും പി പി ദിവ്യ തന്നെ. തുടര്‍ന്ന് ഈ ദൃശ്യങ്ങളും ദിവ്യ ശേഖരിച്ചതായും കണ്ണൂര്‍ വിഷന്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *