അദാനിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം: രാഹുൽ ഗാന്ധി
യുഎസ് കോടതി അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഗൗതം അദാനിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം എന്നും സർക്കാർ അദാനിയെ മാത്രം സംരക്ഷിക്കുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചു. സർക്കാർ അദാനിയെ മാത്രം സംരക്ഷിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം നിസാര കുറ്റങ്ങളുടെ പേരിൽ നൂറു കണക്കിന് ആളുകളെയാണ് അറസ്റ്റ് ചെയ്യുന്നത് എന്നും ആരോപിച്ചു.
യു എസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് ലംഘിച്ചതിന് ഗൗതം അദാനിക്കെതിരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് “തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സത്യമാണെന്ന് അദാനി പറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും അദ്ദേഹത്തെ ജയിലിൽ അടയ്ക്കണം” എന്നും ലോക്സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ ഗാന്ധി പ്രതികരിച്ചത്.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് കുറ്റപത്രത്തിലും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ സിവിൽ പരാതിയിലും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജി സിഇഒ വിനീത് ജെയിൻ എന്നിവർക്കെതിരായ കൈക്കൂലി അഴിമതി ആരോപണങ്ങൾ ഉൾപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ അദാനി ഗ്രൂപ്പ് ഇവർക്കെതിരായ കൈക്കൂലി ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.