ADGP-RSS കൂടിക്കാഴ്ച വിവാദം മാധ്യമസൃഷ്ടി, തൃശ്ശൂരിൽ ബി.ജെ.പിയിലേക്ക് പോയത് UDF വോട്ട്- MV ഗോവിന്ദൻ
കാസർകോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ, ആർ.എസ്.എസ്. നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
എ.ഡി.ജി.പി. ഒരാളെ കാണുന്നത് സി.പി.എമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.ജി.പി., ആർ.എസ്.എസ്. നേതാക്കളെ കണ്ടു എന്നത് അസംബന്ധമാണ്. ഉദ്യോഗസ്ഥർ കണ്ടെങ്കിൽ അത് സർക്കാർ നോക്കേണ്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരെ കാണാൻ പോകുന്നു എന്നത് ഞങ്ങളുടെ പ്രശ്നമല്ല. സി.പി.എമ്മുമായി അതിനെ കൂട്ടിക്കെട്ടണ്ട. സി.പി.എമ്മിന് എന്ത് നിലപാട് എന്ന് എല്ലാവർക്കും അറിയാം, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഞങ്ങളുടെ നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയിട്ടുള്ള പ്രസ്ഥാനമാണ് ആർ.എസ്.എസ്. ബി.ജെ.പിയുമായി ലിങ്ക് ഉണ്ടാക്കിയത് യു.ഡി.എഫാണ്. തൃശ്ശൂരിൽ യുഡിഎഫിന്റെ വോട്ടാണ് ബി.ജെ.പിയിലേക്ക് പോയത്. ആടിനെ പട്ടിയാക്കുന്ന തിയറിയാണ് അവതരിപ്പിക്കുന്നത്. ജനങ്ങൾക്ക് ഇതൊക്കെ തിരിച്ചറിയാനാകും- എം.വി. ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.