21 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നടി നന്ദിനി കശ്യപ് അറസ്റ്റിൽ

0
actress

ഗുവാഹത്തി: 21 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രമുഖ  അസാമിസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ. ബുധനാഴ്ചയാണ് ഗുവാഹത്തി പൊലീസ് നന്ദിനിയെ അറസ്റ്റു ചെയ്തത്.ജൂലൈ 25 ന് പുലർച്ചെ ഗുവാഹത്തിയിലെ ദഖിൻഗാവ് പ്രദേശത്തായിരുന്നു അപകടം. നൽബാരി പോളിടെക്നിക്കിലെ വിദ്യാർഥിയും ഗുവാഹാട്ടി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരനുമായ സമിയുൾ ഹഖ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളനുസരിച്ച്, വീട്ടിലേക്ക് മടങ്ങുകയായിരുന്ന 21 കാരനെ അതിവേഗത്തിലെത്തിയ സ്കോർപിയോ ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. അപകടം നടന്നെന്ന് മനസിലായിട്ടും വാഹനം നിർത്താനോ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാനോ നടി ശ്രമിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെത്തുടർന്ന്, ഗുരുതരാവസ്ഥയിലായ 21 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അദ്ദേഹം മരിച്ചു.

യുവാവിന്‍റെ സഹപ്രവർത്തകർ വാഹനം പിന്തുടർന്ന് പുറകെ പോയി നടിയുടെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടാക്കുന്നതിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. നടിയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്യുമ്പോഴും കേസിൽ തനിക്ക് പങ്കില്ലെന്നാണ് നടി ആവർത്തിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *