നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്ന് അന്തിമവിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധിപറയുന്നത്. 11 ന് കോടതി നടപടികള്‍ ആരംഭിക്കും. കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലും വിചാരണ നീണ്ടുപോകാന്‍ കാരണമായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.
2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുംചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവര്‍ഷം ജൂലായില്‍ നടന്‍ ദിലീപിനെയും അറസ്റ്റുചെയ്തു.
