മാനേജരെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ

നടൻ ഉണ്ണി മുകുന്ദൻ മാനേജരെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് നടൻ ഹർജി നൽകിയത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക വിശദമായി പരിശോധിക്കും. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയതായി സംഘടന അറിയിച്ചു . പരിശോധനയ്ക്ക് ശേഷം തുടർനടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.
മാനേജറുടെ പരാതിയില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തു. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തിരിക്കുന്നത് .നടൻ ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്റെ ആരോപണം