യുവനടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ അജ്ഞാത വാസം പൊലീസിന്റെ നിരീക്ഷണത്തിലെന്നു സൂചന
കൊച്ചി : യുവനടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ അജ്ഞാത വാസം പൊലീസിന്റെ നിരീക്ഷണത്തിലെന്നു സൂചന. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റിനു മുൻപു സുപ്രീം കോടതിയെ സമീപിക്കാൻ അവസരം വേണമെന്ന സിദ്ദിഖിന്റെ അഭ്യർഥന പൊലീസ് വകവച്ചു കൊടുത്തെന്ന വിവരമാണു പുറത്തുവരുന്നത്.മുൻകൂർ ജാമ്യം തള്ളുന്നതുവരെ പൊതുസമൂഹത്തിന്റെ മുന്നിലുണ്ടായിരുന്ന സിദ്ദിഖ് അന്നു മുഴുവൻ കേരളത്തിലുണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. അന്നു സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ബുധനാഴ്ച രാവിലെ മുതൽ ഫോൺ വീണ്ടും ഓണായി.
സിദ്ദിഖിന്റെ ലൊക്കേഷൻ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണെങ്കിൽ കഴിഞ്ഞ 48 മണിക്കൂറിൽ പൊലീസിന് അവസരമുണ്ടായിരുന്നു. സംസ്ഥാന പൊലീസിന്റെ ഇപ്പോഴത്തെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചാൽ നിസ്സാരമായി ചെയ്യാവുന്ന കാര്യത്തിനു പോലും തുനിയാത്തത്, സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജിയിൽ സുപ്രീം കോടതി വിധി പ്രതികൂലമായാൽ മാത്രം അറസ്റ്റ് മതിയെന്ന നിർദേശത്തെ തുടർന്നാകാനാണു സാധ്യത. ബുധനാഴ്ച സിദ്ദിഖ് ഫോൺ സ്വിച്ച് ഓൺ ചെയ്തതു പൊലീസ് നിർദേശം അനുസരിച്ചാവാനുള്ള സാധ്യതപോലും തള്ളിക്കളയാൻ കഴിയില്ല.