നടൻ ബാബുരാജിനെതിരായ പീഡനപരാതി: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

0

കൊച്ചി∙ നടന്‍ ബാബുരാജിനെതിരായ പീഡനപരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുക. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. നിലവില്‍ കേരളത്തിന് പുറത്തുള്ള യുവതി ഇ-മെയില്‍ വഴിയാണ് പൊലീസിൽ പരാതി നല്‍കിയത്. ഈയാഴ്ച തന്നെ അടിമാലിയിലെത്തി മൊഴി നല്‍കാന്‍ അന്വേഷണസംഘം യുവതിയോട് ആവശ്യപ്പെടും.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു ന‌ടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസാണ് ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തത്. അടിമാലിയിൽ ബാബുരാജിന്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയിരുന്ന യുവതിയെ 2019ൽ റിസോർട്ടിൽ പീഡിപ്പിച്ചെന്നാണു പരാതി. പിന്നീട്, സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കാമെന്നു വിശ്വസിപ്പിച്ച് ഇദ്ദേഹത്തിന്റെ എറണാകുളം ജില്ലയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ഓൺലൈനിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു കേസ് റജിസ്റ്റർ ചെയ്തത്.

നടിയുടെ വെളിപ്പെടുത്തൽ:

‘‘ഡിഗ്രി പഠനത്തിനുശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ബാബുരാജിന്റെ ജന്മദിന പാർട്ടി റിസോർട്ടിൽ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താൽപര്യം മനസ്സിലാക്കി ഒരു സിനിമയിൽ ചെറിയൊരു വേഷം നൽകി. പുതിയൊരു സിനിമയുടെ ചർച്ചയ്ക്കെന്നു പറഞ്ഞ് 2019 ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചു. സംവിധായകനും നിർമാതാവും നടീനടന്മാരും അവിടെയുണ്ടെന്നു പറഞ്ഞു. ഒരു ദിവസം ആ വീട്ടിലെത്തിയപ്പോൾ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരുമില്ലേയെന്നു ചോദിച്ചപ്പോൾ താഴത്തെ നിലയിൽ കാത്തിരിക്കാൻ പറഞ്ഞു. പിന്നീടു മുറിയിലേക്ക് എത്തിയ അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീടു ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ, മറ്റൊരു ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്നു പറഞ്ഞു വിളിച്ചെങ്കിലും ഞാൻ വിസമ്മതിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *