‘ആക്ഷൻ ഹീറോ ബിജു 2’ പേര് തട്ടിയെടുത്ത കേസ്; നിർമാതാവ് ഷംനാസിനെതിരെ FIR

എറണാകുളം : വ്യാജ ഒപ്പിട്ട് ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേര് സ്വന്തമാക്കിയെന്ന കേസിൽ നിർമാതാവ് പി എ ഷംനാസിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചിത്രത്തിൻ്റെ നിർമാതാവും നായകനുമായ നിവിൻ പോളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണത്തിൽ വ്യാജ ഒപ്പിട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
2023-ൽ ‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുടെ എല്ലാ അവകാശങ്ങളും നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയറിനാണെന്ന് കാണിച്ച് നിവിൻ പോളി, സംവിധായകൻ ഏബ്രിഡ് ഷൈൻ, ഷംനാസ് എന്നിവർ ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, ഈ വിവരം മറച്ചുവെച്ച് ഫിലിം ചേംബറിൽ നിന്ന് ചിത്രത്തിൻ്റെ പേരിൻ്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിൻ പോളിയുടെ വ്യാജ ഒപ്പിട്ട രേഖയാണ് ഷംനാസ് ഹാജരാക്കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ രേഖ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് ഷംനാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പൊലീസ് നടപടികൾക്ക് പുറമെ, ഫിലിം ചേംബറും ഷംനാസിനെതിരെ കർശന നടപടികൾക്ക് ഒരുങ്ങുകയാണ്. ഇദ്ദേഹത്തിൻ്റെ നിർമാണ കമ്പനിക്ക് ഫിലിം ചേംബർ വിലക്ക് ഏർപ്പെടുത്താനും സാധ്യതയുണ്ട്.നേരത്തെ, ചിത്രത്തിൻ്റെ അവകാശങ്ങൾ തനിക്കാണെന്നും പോളി ജൂനിയർ കമ്പനി താനറിയാതെ ഓവർസീസ് അവകാശം മറ്റൊരു കമ്പനിക്ക് നൽകിയെന്നും കാണിച്ച് ഷംനാസ് നിവിൻ പോളിക്കെതിരെ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിവിൻ പോളിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഈ പരാതി നൽകിയത് വ്യാജ രേഖകൾ ഹാജരാക്കിയാണെന്ന് തിരിച്ചറിഞ്ഞതോടെ നിവിൻ പോളിക്കെതിരായ കേസ് റദ്ദാക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി നിവിൻ പോളിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.