മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

കണ്ണൂർ :മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്.ഇന്നലെ യാണ് സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടില്‍ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിനെ അറിയിച്ചു.
മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി.അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെ അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.