ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിലെ കൊലപാതകം: പ്രതി ജോബി ജോർജി പിടിയിൽ

0
attingal sucide

തിരുവനന്തപുരം : ആറ്റിങ്ങലില്‍ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ ‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോബി ജോര്‍ജ് കോഴിക്കോട് നിന്നും പിടിയിലായി. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയില്‍ അസ്മിനയാണ്(38) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ലോഡ്ജിലെ റിസപ്ഷനിസ്റ്റ് കൂടിയായ ജോബി ജോര്‍ജ് ആസ്മിനയ്‌ക്കൊപ്പം താമസിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ബുധനാഴ്ച രാവിലെ 4.30-ന് ജോബി ലോഡ്ജിനു പുറത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ജോബിയെ കോഴിക്കോട് വെച്ച് പിടികൂടുന്നത്.

ആറ്റിങ്ങല്‍ മൂന്നുമുക്ക് വാട്ടര്‍സപ്ലൈ റോഡ് ഗ്രീന്‍ ഇന്‍ ലോഡ്ജിലാണ് സംഭവം നടക്കുന്നത്. അഞ്ചു ദിവസം മുന്‍പ് മാത്രമാണ് ജോബി ജോര്‍ജ് ലോഡ്ജില്‍ ജോലിക്ക് കയറുന്നത്. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്നത്. മുറി വാടകയ്ക്കെടുത്തശേഷം അസ്മിനയെ മുറിയിലാക്കിയിട്ട് ഇയാള്‍ മറ്റു ജീവനക്കാര്‍ക്കൊപ്പം റിസപ്ഷനിലെത്തി. രാത്രി 1.30ഓടെ ഇയാള്‍ മുറിയിലേക്കു പോയെന്നാണ് മറ്റു ജീവനക്കാര്‍ പോലീസിനോടു പറഞ്ഞത്.

രാവിലെ ഇരുവരെയും കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ വാതിലില്‍ മുട്ടി വിളിച്ചുനോക്കിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നു നോക്കുമ്പോഴാണ് അസ്മിനയെ മരിച്ചനിലയില്‍ കണ്ടത്. കട്ടിലില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകളില്‍ മുറിവുകളുമുണ്ടായിരുന്നു. മദ്യക്കുപ്പി ഉടഞ്ഞ് ചിതറിയ നിലയിലും കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *