തട്ടിക്കൊണ്ടുപോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 18 വർഷം കഠിന തടവും 90,000 രൂപ പിഴയും.
തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 18 വർഷം കഠിന തടവും 90,000 രൂപ പിഴയും. പ്രതി ഷമീറിനെ (37) തിരുവനന്തപുരം പ്രത്യേക അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരവും നൽകണം.2023 ഫെബ്രുവരി 24 രാത്രിയിലാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹോദരിയെ സഹായിക്കാനെത്തിയ പെൺകുട്ടിയെയാണ് പ്രതി ഓട്ടോയിൽ കയറ്റി ഒഴിഞ്ഞ സ്‌ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചത്.
കുട്ടി നിലവിളിച്ചപ്പോൾ അതുവഴി വന്ന ബൈക്ക് യാത്രികർ ഇത് കണ്ടു. ഇതോടെ പ്രതി കുട്ടിയുമായി ഓട്ടോയിൽ കടന്നു കളഞ്ഞു. ബൈക്ക് യാത്രികർ വഞ്ചിയൂർ പൊലീസിൽ വിവരം അറിയിക്കുകയും ഓട്ടോയെ പിന്തുടരുകയും ചെയ്‌തു. ഇത് കണ്ട പ്രതി കുട്ടിയെ തമ്പാനൂരിൽ ഇറക്കിവിട്ട് ഓട്ടോയിൽ രക്ഷപ്പെട്ടു.റോഡിൽ നിന്ന് പൊട്ടിക്കരഞ്ഞ കുട്ടിയെ നാട്ടുകാർ പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷമീറിനെ അറസ്‌റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. മെഡിക്കൽ കോളേജ് സി.ഐ പി.ഹരിലാൽ, എസ്.ഐ എ.എൽ.പ്രിയ എന്നിവരാണ് കേസ് അന്വേഷിച്ചത്.
