55-കാരിയുടെ കൊലപാതകം: പ്രതി പിടിയില്‍
കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാ(55)മിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു ആണ് പിടിയിലായത്. കൊച്ചി കാക്കനാട് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സുഹൃത്ത് ഖദീജയും പിടിയിലായിട്ടുണ്ട്. ജെയ്‌സിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
കളമശ്ശേരി കൂനംതൈ-അമ്പലം റോഡിന് സമീപം അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു ജെയ്‌സി താമസിച്ചിരുന്നത്. ഈ മാസം 17ന് രാത്രിയിലാണ് ജെയ്‌സി കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. ഇവരുടെ മുഖവും വികൃതമാക്കിയിരുന്നു.
അപ്പാര്‍ട്ട്‌മെന്റിലെ അയല്‍വാസികളുമായി വലിയ അടുപ്പമില്ലാതിരുന്ന ജെയ്‌സിയുടെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ എത്തുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
മകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധനയിലായിരുന്നു അപ്പാര്‍ട്ട്‌മെന്റില്‍ ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ കാനഡയിലുള്ള മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.