താമസ സൗകര്യമൊരുക്കുന്നതിൽ പിഴവുണ്ടായാൽ ഹജ്ജ് തീർഥാടകർക്ക് നഷ്ടപരിഹാരം
റിയാദ്: മക്കയിലും ഇതര പുണ്യസ്ഥലങ്ങളിലും ഹജ്ജ് വേളയിൽ താമസ സൗകര്യമൊരുക്കുന്നതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായാൽ സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലും പുണ്യസ്ഥലങ്ങളിലും കരാർ പ്രകാരമുള്ള താമസസൗകര്യം നൽകാൻ വൈകുകയോ താമസിക്കുന്നിടത്തുനിന്ന് ഒഴിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരത്തിന് അർഹത. നിർദ്ദിഷ്ട താമസസ്ഥലത്ത് എത്തിയശേഷം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവരികയും താമസസൗകര്യം ലഭിക്കാതിരിക്കുകയും ചെയ്താൽ ഹജ്ജ് പാക്കേജ് തുകയുടെ 10 ശതമാനം നഷ്ടപരിഹാരമായി ലഭിക്കും.
കരാറിന് വിരുദ്ധമായി സേവന കമ്പനികൾ പ്രവർത്തിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകും. സേവനം നൽകാനുള്ള കാലതാമസം അനുസരിച്ച് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകും. അത് ഹജ്ജ് പാക്കേജ് തുകയുടെ അഞ്ച് ശതമാനമാകും. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ തമ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിലെ കാലതാമസവും നഷ്ടപരിഹാരത്തിൽ ഉൾപ്പെടും. പരാതിപ്പെടുകയും രണ്ട് മണിക്കൂറിൽ കൂടുതൽ കാത്തിരിക്കുകയും ചെയ്യുന്ന ഓരോ ഉപഭോക്താവിനും പുണ്യസ്ഥലങ്ങളിൽ താമസസൗകര്യം ലഭിക്കാതെ വരുമ്പോൾ പാക്കേജിെൻറ മൂല്യത്തിൽ നിന്ന് രണ്ട് ശതമാനം അഥവാ 300 റിയാലിൽ കുറയാത്ത സംഖ്യ നഷ്ടപരിഹാരമായി ലഭിക്കും. സേവനം നൽകാത്തപ്പോൾ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ പുണ്യസ്ഥലങ്ങളിൽ ക്യാമ്പ് സൗകര്യം ഒരുക്കും. ആഭ്യന്തര തീർഥാടന ഏകോപന സമിതി മുഖാന്തിരം സർവിസ് കമ്പനിയുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കരാറിന് വിരുദ്ധമായി പുണ്യസ്ഥലങ്ങളിൽ കമ്പനികൾ പ്രവർത്തിച്ചാൽ പരാതി നൽകുന്ന ഓരോ ഉപഭോക്താവിനും പരാതി ശരിയാണെന്ന് തെളിഞ്ഞാൽ പാക്കേജ് മൂല്യത്തിെൻറ 10 ശതമാനം എന്ന നിരക്കിൽ 1,500 റിയാലിൽ കുറയാത്ത നഷ്ടപരിഹാരം ലഭിക്കും.