സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞു, നടൻ അര്‍ജുൻ അശോകൻ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ പരിക്കേറ്റു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.
ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. സിനിമയിലെ നായിക മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീനാണ് ഇന്നലെ ഷൂട്ട് ചെയ്തത്. പല ടേക്കുകളിലൂടെ അത് ഷൂട്ട് ചെയ്തു തീർത്തിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്ന വേളയിലായിരുന്നു അപകടം. ഡ്രോൺ ഷോട്ട് ചിത്രീകരിക്കാനായി മഹിമയ്ക്കു പകരം കാർ ഒാടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുനും പിന്നിൽ സംഗീതും ഉണ്ടായിരുന്നു. ഇൗ സമയത്താണ് കാർ അപകടത്തിൽ പെടുന്നത്. അർജുനും വാഹനമോടിച്ചയാൾക്കും നിസാര പരുക്കുകളെ ഉള്ളൂ. സംഗീത് പ്രതാപിന്റെ കഴുത്തിന് പൊട്ടലുണ്ട്. സിനിമാ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
കാറിന്റെ ബോഡി പൂർണമായും തകർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഒാവര്‍ടേക്ക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നെന്നു സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കാറിൽ കാമറയും മറ്റ് സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ കൂട്ടിച്ചേർത്തു.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി.
പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് സെൻട്രൽ പൊലീസ് കേസെടുത്തു. ഷൂട്ടിങ്ങിനിടെ തന്നെയാണോ അപകടമെന്ന് സംശയമുണ്ടെന്നും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമെ ഇക്കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.