പാരാഗ്ലൈഡിങ്ങിനിടെ അപകടം:വനിതാ സഞ്ചാരിക്കും പരിശീലകനും ദാരുണാന്ത്യം
ഗോവ: വിനോദ സഞ്ചാരത്തിനെത്തിയ പൂനെ നിവാസിയായ ശിവാനി ഡേബിൾ (27), നേപ്പാളി സ്വദേശിയായ ഇൻസ്ട്രക്‌ടർ സുമൽ നേപ്പാളി (26) എന്നിവർക്ക് പാരാഗ്ലൈഡിങിനിടെ ദാരുണാന്ത്യം . വടക്കന്‍ ഗോവയിലെ കേരിയിൽ ഇന്നലെ വൈകുന്നേരം ആണ് ദുരന്തം നടന്നത്.
പാരാഗ്ലൈഡർ പാറക്കെട്ടിൽ നിന്ന് പറന്നുയർന്ന ഉടൻ മലയിടുക്കിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. സംഭവസ്ഥലത്ത്‌വച്ചു തന്നെ ഇരുവരും മരിച്ചു. അതേസമയം പാരഗ്ലൈഡിങ് നടത്തുന്ന സാഹസിക സ്‌പോർട്‌സ് കമ്പനി അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി .
മനുഷ്യ ജീവൻ അപകടത്തിലാക്കിയതിന് കമ്പനി ഉടമ ശേഖർ റൈസാദയ്‌ക്കെതിരെ മാൻഡ്രേം പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യമായ പ്രവർത്തനാനുമതി ഇല്ലാതെ വിനോദസഞ്ചാരിയെയും പാരാഗ്ലൈഡിങ് പൈലറ്റിനെയും മനപൂർവം മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കേസ്.
ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ പാരാഗ്ലൈഡിങിനിടെ നടന്ന അപകടങ്ങളിൽ രണ്ട് വിനോദസഞ്ചാരികൾ മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഗോവയിലെ അപകടം. ഗുജറാത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള വിനോദസഞ്ചാരികളാണ് ഹിമാചൽ പ്രദേശിൽ മരിച്ചത്.