വധശ്രമക്കേസ് പ്രതികളെ വാരിപ്പുണർന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി
പേരാമ്പ്ര: സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തിലെ പ്രതികളെ വാരിപ്പുണർന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. മേപ്പയൂര്‍ എടത്തില്‍മുക്കിൽ നെല്ലിക്കാത്താഴക്കുനി സുനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ഷാഫി പറമ്പിൽ ആലിംഗനംചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്.
കഴിഞ്ഞ ഡിസംബർ ആറിന് വൈകിട്ട് അഞ്ചരയോടെ എടത്തിൽ മുക്ക് ടൗണിൽ സുനിൽ കുമാറിനെ ഇന്നോവ കാറിലെത്തിയ ഒമ്പത് യൂത്ത് ലീഗുകാർ ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാർഥം കടയിലേക്ക് ഓടിക്കയറിയ സുനിൽകുമാറിനെ കടയിൽനിന്ന് വലിച്ചിറക്കി തലങ്ങും വിലങ്ങും വെട്ടി. മുഖ്യ പ്രതികളായ കീഴ്പ്പയൂർ മാനക്കടവത്ത് അജിനാസ്, അത്തോളി താവന അൻസാർഎന്നിവർ രാത്രി തന്നെ അറസ്റ്റിലായി. ഒളിവിൽ പോയ ഏഴ് പ്രതികളെ തമിഴ്നാട്ടിലെ നീലഗിരിയിൽനിന്നാണ് പിടികൂടിയത്. കീഴ്പ്പയൂർ സ്വദേശികളായ കരുവാൻകണ്ടി കെ എം നവാസ്, താഴത്തെ പുളിക്കൂൽ ടി പി മുഹമ്മദ്, അമ്മിണാരി അനീസ്, താഴെ കുരുടഞ്ചേരി ഫാസിൽ, നീലിവീട്ടിൽ അബ്ദുൾ ബാസിത്ത്, ഇരിങ്ങത്ത് സ്വദേശികളായ പടിഞ്ഞാറെ കമ്മന മുഹമ്മദ് നൗഷാദ്, പുറത്തൂട്ടയിൽ മുനവർ അലി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്. നന്തിയിലെ അറിയപ്പെടുന്ന എൻഡിഎഫ് പ്രവർത്തകന്റെ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിരുന്നു.