അപകട കുരുക്കിൽ കരുനാഗപ്പള്ളി: പൊലീസിന് മൗനം
രഞ്ജിത്ത് രാജതുളസി
കരുനാഗപ്പള്ളി: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ടു ദിനംപ്രതി ഗതാഗത കുരുക്ക് കൂടി വരുന്ന കരുനാഗപ്പള്ളിയിൽ ദിനംപ്രതി അപകടങ്ങളും അപകട മരണങ്ങളും വർദ്ധിച്ചു വരുന്നു സാഹചര്യത്തിൽ പോലീസ് മൗനം പാലിക്കുന്നു. ദേശീയപാതയിൽ സർവ്വീസ് റോഡുകളുടെ പണികൾ ഇനിയും പൂർത്തിയാക്കിയില്ല. നിലവിലുള്ള സ്ഥലങ്ങളിൽ വഴിയോര കച്ചവടക്കാർ കൈയേറിയത് കൂടാതെ പല കച്ചവട സ്ഥാപനങ്ങളും ദേശീയപാതയുടെ സ്ഥലത്തേക്ക് കയ്യേറി സ്ഥാപനത്തിന്റെ അനുബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
ഒൻപത് സ്കൂളുകളും നിരവധി കോളേജുകളുമുള്ള കരുനാഗപ്പള്ളിയിൽ വിദ്യാർത്ഥികൾക്ക് നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഹൈസ്കൂൾ ജംഗ്ഷനിലും കരുനാഗപ്പള്ളി ജംഗ്ഷനിലും മാത്രമാണ് 8 ഹോം ഗാർഡുകളുള്ള കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡിന്റെ സേവനമുള്ളത്. ഗതാഗത കുരുക്കുകൾ അനുഭവപ്പെട്ടു പോലീസ് സ്റ്റേഷനിൽ വിളിച്ചാൽ കിട്ടുന്ന മറുപടി 112 വിളിച്ചാൽ മതിയെന്ന് പറഞ്ഞു പോലിസുകാർ തടിതപ്പും.
നോ പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഫോട്ടോ പെറ്റി നൽകുന്നതിന് ഉപരിയായി സ്പോട് പെറ്റി നൽകുന്നതിന് കൂടുതൽ ശ്രദ്ധ ചെലുത്തണണെന്നു കൊല്ലം സിറ്റിപൊലീസ് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങാൻ പോലും പോലീസ് തയാറാവുന്നില്ല. കഴിഞ്ഞയാഴ്ച കരുനാഗപ്പള്ളിയിൽ ഒരു അപകടമുണ്ടായപ്പോൾ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥരുൾപ്പടെ ആറുപേർ പോലീസ് വാഹനത്തിൽ വന്നെങ്കിലും ഒരാൾപോലും വാഹനത്തിൽ നിന്നും ഇറങ്ങാൻ പോലും കൂട്ടാക്കാതെ അപകടപ്പെട്ട വാഹനങ്ങളുടെ ഫോട്ടോ പോലീസ് വാഹനത്തിലിരുന്നു എടുത്തിട്ട് സ്ഥലം വിട്ടു.
കരുനാഗപ്പള്ളി ഭാഗത്ത് ഹൈവേ വികസനവുമായി ബന്ധപ്പെട്ടു നിർമ്മാണപ്രവർത്തനം നടന്നു വരുന്ന സ്ഥലങ്ങളിൽ വഴിയോര കച്ചവടക്കാർ നിർമ്മാണം തടസ്സമാകുന്ന രീതിയിലോ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്താൽ ഒഴുപ്പിക്കണമെന്നു ജില്ലാ പോലീസ് മേധാവി കരുനാഗപ്പള്ളി എ.എസ് .പി.ക്ക് രണ്ടാഴ്ച മുൻപ് നിർദ്ദേശം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല
ഹൈവേ പോലീസ്, പിങ്ക് പോലീസ്, കണ്ട്രോൾ റൂം വാഹനം, തഴവ ഓ.പി. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ മറ്റുവാഹനങ്ങൾ തുടങ്ങി ആറോളം വാഹനങ്ങളും ഉദ്യോഗസ്ഥരുമുണ്ടെങ്കിൽ വാഹനത്തിലിരുന്നു ഫോട്ടോ എടുത്ത് പെറ്റി അടിക്കുന്നതല്ലാതെ വാഹനത്തിൽ നിന്നും ഇറങ്ങാൻ പോലും തയ്യാറാവില്ല.
തഴവ ഓ.പിയിലെയും കണ്ട്രോൾ റൂമിലെയും വാഹനങ്ങൾ രാത്രി കാലങ്ങളിൽ സ്വകാര്യ വാഹനങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത് പോലീസുകാരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും റെയിൽവേ സ്റ്റേഷനിലും മറ്റും കൊണ്ട് വിടാൻ വേണ്ടിയാണു ഉപയോഗിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ട പോലീസ് ജനങ്ങളുടെ ജീവന് ഒരു വിലയും നൽകുന്നില്ല