അപകടത്തില്‍ കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം
കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിക്കുളള നഷ്ട പരിഹാരമായി മോട്ടോര്‍വാഹന ട്രിബ്യൂണല്‍ 44.94 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമെ 84.87 ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂവാറ്റുപുഴ കാരിയ്ക്കല്‍ ജ്യോതിസ് രാജിനാണ് (അമ്പാടി-12) നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. അഞ്ചാം വയസ്സിലാണ് കുട്ടിയ്ക്ക് അപകടം ഉണ്ടാകുന്നത്. അപകടത്തിനു ശേഷം കുട്ടിയുടെ ബാല്യകാലം നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ഇന്‍ഷുറന്‍സ് തുക ഹൈക്കോടതി വര്‍ധിപ്പിച്ചത്.
ജസ്റ്റിസ് എസ് ഈശ്വരനാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ തുക നല്‍കുന്നതുവരെ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 44.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടതിനെതിരേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്നുകാട്ടി കുട്ടിയുടെ അച്ഛന്‍ രാജേഷും അപ്പീല്‍ നല്‍കിയിരുന്നു.