വാഹനത്തിനുള്ളിൽ തടവുകാരനുള്ള സെൽ, ഡ്രൈവറില്ലാ കാറുമായി അബുദാബി പൊലീസ്
അബുദാബി ∙ അതീവസുരക്ഷ സംവിധാനങ്ങളുള്ള ഡ്രൈവറില്ലാ പട്രോളിങ് കാർ ജൈറ്റെക്സിൽ പുറത്തിറക്കി . സ്വയം നിയന്ത്രിക്കുന്ന, വെടിയേൽക്കാത്ത മാഗ്‌നം എംകെ1 ഇലക്ട്രിക് സ്മാർട്ട് കാർ പട്രോളിങ് നിരീക്ഷണത്തിനും തടവുകാരെ സുരക്ഷിതമായി കൊണ്ടുപോകാനുമെല്ലാം ഉപയോഗിക്കും. 1.5 ടൺ പേലോഡ് ശേഷിയുള്ള വാഹനത്തിൽ 3 പൊലീസുകാർക്കും ഒരു തടവുകാരനും സഞ്ചരിക്കാം.
ഒരു തടവുകാരനുള്ള സെൽ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗമുള്ള വാഹനം 5.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ ഓടിയെത്തും. കരയിലും കടലിലും സഞ്ചരിക്കാവുന്ന രീതിയിലാണ് രൂപകൽപന.
ചാർജ് ചെയ്തും പെട്രോൾ നിറച്ചും ഉപയോഗിക്കാവുന്ന ഹൈബ്രിഡ് വാഹനമാണിത്. ഓഡിയോ, വിഷ്വൽ, വൈറ്റൽ സൈൻ മോണിറ്ററിങ് സിസ്റ്റം, ഓഫ്-റോഡ് ഓട്ടോണമസ് നാവിഗേഷൻ, ഡ്രോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കുമായുള്ള സംയോജിത റേഡിയോ, സെല്ലുലർ ആശയ വിനിമയം എന്നിവയും ഉൾപ്പെടുന്നു. അടിയന്തര ഘട്ടങ്ങളിൽ ദുരന്ത മുഖത്തേക്കും അയയ്ക്കാം