സമ്പൂർണ നക്ഷത്രഫലം

0

12 രാശികളിൽ, പതിനൊന്നാമത്തെ രാശിയായ കുംഭം രാശിയായാണ് ശനിയുടെ മൂല ത്രികോണ രാശി. മന്ദഗതിയിലുള്ള ശനിയാകട്ടെ ഇപ്പോൾ കുംഭം രാശിയിൽ പൂരുരുട്ടാതി രണ്ടാം പാദത്തിൽ സ്ഥിതി ചെയ്യുന്നു. ജൂൺ 30 ഞായറാഴ്ച രാവിലെ 5 ന് ശനി മൂല ത്രികോണ രാശിയിൽ വക്രഗതിയിൽ പ്രവേശിച്ചു. രാശിക്ക് മാറ്റമില്ലാതെ, വക്ര ഗതിയിൽ ശനി നവംബർ 15 വരെ തുടരും. പൂരുരുട്ടാതി രണ്ടാം പാദത്തിൽ നിന്നും പൂരുരുട്ടാതി ഒന്നാം പാദത്തിലേക്കും പിന്നീട് ചതയം നാലാം പാദത്തിലേക്കും സഞ്ചരിക്കുന്നതാണ്. രാശി മാറാതെ വക്രഗതിയിൽ ആകുന്നു. ശനി ഒരു രാശിയിൽ രണ്ടര വർഷം സ്ഥിതി ചെയ്യുന്നു. എന്നാൽ വക്ര ഗതിയിൽ ആകുമ്പോൾ മന്ദഗതി മാറി വേഗതയുണ്ടാകും. ഇപ്പോൾ ശനി അനുകൂലമായി നിൽക്കുന്നവർക്ക് അനുകൂലഫലം വർധിക്കുവാനും ശനി ദോഷഫലങ്ങൾ തന്നു കൊണ്ടിരിക്കുന്നവർക്ക് അതിനു മാറ്റം ഉണ്ടാകാനും ഇടയാകും. അതിനാൽ ശനി എന്ന ഗ്രഹം വക്രഗതിയിൽ ആകുമ്പോൾ ഗുണഫലങ്ങൾ വർധിച്ചു വരുന്നതായി കാണാം.

ഈ വക്രഗതി മാറ്റത്താൽ 27 നക്ഷത്രക്കാർക്കും ഉണ്ടാകുന്ന ഗുണാനുഭവങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

മേടക്കൂർ: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടം രാശിക്കാർക്ക് പത്തും പതിനൊന്നും ഭാവാധിപനായ ശനി പതിനൊന്നാം ഭാവമായ കുംഭം രാശിയിൽ വരുന്നു. കർമത്തിന്റെ കാരകത്വം വഹിക്കുന്ന ശനി തൊഴിൽ സംബന്ധമായ തടസ്സങ്ങൾ നീക്കി തരും. പ്രത്യേകിച്ച് വക്രഗതിയിൽ ആകുന്ന ശനി, പുതിയ ജോലി ലഭിക്കുന്നതിനും തന്മൂലം സന്തോഷ അനുഭവങ്ങൾക്കും സാക്ഷ്യം വഹിക്കാനുമാകും. കർമരംഗത്ത് ഉയർച്ച, സ്ഥാനമാറ്റം, സ്ഥലമാറ്റം, പ്രമോഷൻ എന്നിവ അനുഭവത്തിൽ വരുന്നതാണ്. ശമ്പള വർധനവ് ഉണ്ടാകുന്നതാണ്. ഇതുവരെ കുടിശിക ലഭിക്കാതിരുന്നവർക്ക്, അവ ലഭിക്കാനും സാധ്യമാകും. കർമരംഗത്താണ് കൂടുതൽ പ്രകടമായ മാറ്റങ്ങൾ കാണാനാകുന്നത്. പുതിയ ജോലി ആഗ്രഹിച്ചിരിക്കുന്നവർക്ക്  താൻ ആഗ്രഹിച്ച രീതിയിലുള്ള ജോലി തന്നെ ലഭിക്കും. മുതിർന്ന സഹോദരങ്ങളുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നവർക്ക് അവയെല്ലാം നീങ്ങി കിട്ടുന്നതാണ്. അകൽച്ചകൾ മാറിക്കിട്ടും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനാകും. പുതിയ പ്രവർത്തന മേഖലകൾ കണ്ടെത്തുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും അവ വിപുലപ്പെടുത്തി എടുക്കുവാനും വൻലാഭം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. പൊതുവേ ശനിയുടെ വക്രം ഗുണപ്രദമാണ്.

ഇടവക്കൂർ: കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക്, ഒമ്പതും പത്തും ഭാവാധിപത്യം വഹിച്ചു നിൽക്കുന്ന ശനി, കർമഭാവത്തിൽ കുംഭം രാശിയിൽ വക്ര ഗതിയിലാകുന്നു. ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കർമസംബന്ധമായ ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതാണ്. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് ആഗ്രഹം പൂർത്തീകരിക്കുന്നതാണ്. ഇടവം രാശിക്കാർ ഇപ്പോൾ കണ്ടകശനി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ശനി വക്രഗതിയിൽ ആയതിനാൽ കണ്ടകശനി ദോഷം കുറയും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഉതകുന്ന സമയക്കാലം ആണ്. പുതിയ പദ്ധതികളുമായി

മുന്നോട്ടു പോയാൽ ചില പ്രയാസങ്ങൾ അനുഭവിക്കേണ്ടതായി വന്നേക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. ചെലവുകൾ വർധിക്കും. പാർട്ണർഷിപ്പ് ബിസിനസ് ആണെങ്കിലും നല്ല അനുഭവങ്ങൾ ഉണ്ടാകണമെന്നില്ല. ചെലവുകൾ നിയന്ത്രിക്കേണ്ടതായി വരും. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. തർക്കങ്ങൾ ഉണ്ടാകുന്നതാണ്. വീടുപണി നടന്നു കൊണ്ടിരിക്കുന്നവർക്ക് പണി ത്വരിതപ്പെടാനും പുതിയ വീട്ടിൽ താമസം ആരംഭിക്കാനും ആകും. വാഹനം മാറ്റി വാങ്ങുന്നതിനും വീടു വാങ്ങുന്നതിനും വസ്തു സ്വന്തം പേരിൽ ആകുന്നതിനും സാധ്യതയുണ്ട്. അമ്മയിൽ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് താൻ ആഗ്രഹിച്ച വിഷയത്തിൽ തന്നെ

പ്രവേശനം ലഭിക്കാനും ആകും. വിദേശയാത്ര തരപ്പെടും. വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ആഗ്രഹം പൂർത്തീകരിക്കുന്നതാണ്. സ്വന്തം രാശിയിൽ ശനി, അനുകൂല സ്ഥിതിയാണെങ്കിൽ അനുഭവം ശുഭം ആയിരിക്കും. ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധയുണ്ടാകണം.

മിഥുനക്കൂർ: മകയിരത്തിന്റെ ബാക്കി പകുതിയും തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ശനിയുടെ വക്ര ഗതി മൂലം എന്തെല്ലാം അനുഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം. മിഥുനം രാശിക്കാർക്ക് എട്ടും, ഒമ്പതും ഭാവാധിപതി ആയ ശനി 9 ൽ സഞ്ചരിക്കുന്ന സമയം. എന്നാൽ ശനി വക്രഗതിയിൽ ആകുമ്പോൾ കർമസംബന്ധമായ തടസ്സങ്ങൾ മാറി കിട്ടുന്നതാണ്. കർമരംഗത്ത് സ്ഥാനമാറ്റം, സ്ഥലമാറ്റം എന്നിവ പ്രതീക്ഷിക്കാം. സമൂഹത്തിൽ പേരും പ്രശസ്തിയും ഉണ്ടാകും. മേലധികാരിയുമായി യോജിച്ചു പോകാൻ ആകും. പലവിധ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരുന്നവർക്ക് അവയെല്ലാം മാറി കിട്ടുന്നതാണ്. യാത്ര ക്ലേശങ്ങളും മാറിക്കിട്ടും. യാത്രകൾ കൊണ്ട് പ്രയോജനവും ഉണ്ടാകും. കടബാധ്യതകൾ കുറഞ്ഞു വരുന്നതായി കാണാം. ശത്രു ശല്യവും കുറയും. വിദേശയാത്ര തരപ്പെടുന്നതാണ്. ഉന്നത പഠനത്തിനായി വിദേശത്തേക്ക് ഒരുങ്ങുന്നവർക്ക് ആഗ്രഹപൂർത്തീകരണം ഉണ്ടാകും. മുടങ്ങിക്കിടന്നിരുന്ന പല പദ്ധതികളും പുനരാവിഷ്കരിച്ച് മുന്നോട്ടു പോകാൻ ആകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല ആദായം തന്നെ പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന ഏതു പ്രവർത്തനമായാലും നിശ്ചിത സമയത്തിനുള്ളിൽ ഭംഗിയായി പൂർത്തീകരിക്കാൻ ആകും. ഇപ്പോൾ സഹോദരങ്ങളുമായി അകന്നു കഴിയുന്നവർ, അവരുമായി യോജിച്ച് മുന്നോട്ടു പോകാൻ ആകുന്നതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. ഇപ്പോൾ അനുഭവിച്ചു പോരുന്ന പല അസ്വസ്ഥതകൾക്കും ഒരു ശമനം ഉണ്ടാകുന്നതാണ്.

കർക്കടകക്കൂര്‍: പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടക കൂറുകാർക്ക് ഏഴും, എട്ടും ഭാവാധിപനാണ് ശനി. കർക്കടക കൂറിന്റെ അഷ്ടമ ഭാവത്തിൽ എട്ടാം ഭാവത്തിൽ ശനി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാലം. ശനി വക്രഗതിയിൽ ആകുമ്പോൾ നല്ല ഫലങ്ങൾ ലഭിക്കുന്നതാണ്. പുതിയ ജോലിക്കായി കാത്തിരിക്കുന്നവർക്ക് താൻ ആഗ്രഹിച്ച രീതിയിൽ തന്നെ ലഭിക്കും. വിദേശത്ത് ജോലിക്കായി പോകാൻ ഇരിക്കുന്നവർക്കും ആഗ്രഹപൂർത്തീകരണം ഉണ്ടാകും. വരുമാന സ്രോതസ്സുകൾ വർധിക്കും. ധനാഗമനവും ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക്, അവരുടെ ബിസിനസ് വിപുലപ്പെടുത്തി എടുക്കുവാനും നല്ല നേട്ടങ്ങൾ കൊയ്യാനും ആകും. പാർട്ണർഷിപ്പ് ബിസിനസ് ആയാലും ആദായം ലഭിക്കുന്നതാണ്. മുടങ്ങിക്കിടന്നിരുന്ന പല പദ്ധതികളും പുനരാവിഷ്കരിച്ച് മുന്നോട്ടുപോകാൻ ആകും. വ്യവസായങ്ങൾക്ക് നിലനിന്നിരുന്ന തടസ്സങ്ങൾ എല്ലാം മാറി നല്ല രീതിയിൽ മുന്നോട്ടു പോകാൻ ആകും. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ക്ഷേമത്തിനായി ധാരാളം കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ടതായി വരും. സന്താനങ്ങളിൽ നിന്നും സന്തോഷ അനുഭവങ്ങൾ ഉണ്ടാകാനും, അവരെക്കുറിച്ച് ഓർത്ത് അഭിമാനിക്കാനും ഇടയാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ഇതുവരെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാനാകും. രോഗശമനം ഉണ്ടാകും. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം.

ചിങ്ങക്കൂർ: മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ആറും ഏഴും ഭാവാധിപനായ ശനിയാണ് ഏഴാം ഭാവത്തിൽ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കണ്ടകശനികാലമാണ്. അതിന്റെ കാഠിന്യം കുറയും. ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക്, ഇപ്പോൾ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ എല്ലാം തരണം ചെയ്യാനാകും. യാതൊരു തടസ്സവും കൂടാതെ മുന്നോട്ടു പോകാനാകുന്നതാണ്. പാർട്ണർഷിപ്പ് ബിസിനസ് ആയാലും വിജയിക്കാനാകും. ശത്രുശല്യം കുറഞ്ഞുവരുന്നതായി കാണാം. കടങ്ങൾ ഉണ്ടായിരുന്നത് ഒരു പരിധി വരെ വീട്ടി തീർക്കാൻ ആകും. കേസ്, വഴക്കുകൾ എന്നിവ ഉണ്ടായിരുന്നവർക്ക് അവയ്ക്കെല്ലാം പരിഹാരം കാണാൻ ആകുന്നതാണ്. വീട് മാറി താമസിക്കാനും അവസരം ഉണ്ടാകുന്നതാണ്. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹപൂർത്തീകരണം ഉണ്ടാകും. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക്, താൻ ആഗ്രഹിച്ച വിഷയത്തിൽ തന്നെ പ്രവേശനം ലഭിക്കാനാകും. ദമ്പതികളുടെ ഇടയിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ എല്ലാം മാറി, യോജിച്ചു വരുന്നതായി കാണാം.

വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്നവർക്ക് തടസ്സങ്ങളെല്ലാം നീങ്ങി വിവാഹത്തിൽ തീരുമാനമാകാനും ഇടയുണ്ട്. ആരോഗ്യം മെച്ചപ്പെടും. അമ്മയുടെ ആരോഗ്യക്കാര്യത്തിൽ പുരോഗതി ഉണ്ടാകും.

കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് അഞ്ചും ആറും ഭാവാധിപത്യം വഹിക്കുന്ന ശനി, ആറാം ഭാവത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആറാം ഭാവമെന്നാൽ ശത്രു, കടം, രോഗം എന്നിവയെല്ലാം സൂചിപ്പിക്കുന്ന ഭാവമാണ്. രോഗാവസ്ഥയിൽ കഴിയുന്നവരുടെ രോഗം ശമിക്കുന്നതാണ്. സമൂഹത്തിൽ പേരും പ്രശസ്തിയും വർധിക്കുന്നതാണ്. പൂർവിക സ്വത്ത് സംബന്ധമായ കേസുകൾ ഉണ്ടായിരുന്നവർക്ക് അവയ്ക്കെല്ലാം തനിക്ക് അനുയോജ്യമായ വിധിയുണ്ടാകുന്നതാണ്. ജീവിതപങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടുന്നതായി കാണാം. ദമ്പതികളുടെ ഇടയിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ എല്ലാം പരിഹരിക്കപ്പെട്ട് മുന്നോട്ടുപോകുന്നതാണ്. അകലാനായി കാത്തിരുന്നവർ പോലും ഒന്നിക്കുന്നതായി കാണാം. ഇളയ സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി പിണങ്ങി നിന്നിരുന്നവർ  സ്നേഹിച്ചു വരുന്നതായി കാണാം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി. പഠിത്തത്തോടൊപ്പം തന്നെ ജോലി ലഭിക്കാനും ഇടയുണ്ട്. ശത്രുശല്യം കുറയാം. മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങൾ ലഭിക്കുന്നതാണ്. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ ആകും.

തുലാക്കൂർ : ചിത്തിരയുടെ ബാക്കി പകുതിയും ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന നാലും, അഞ്ചും, ഭാവാധിപതിയായ ശനിയാണ് അഞ്ചാം ഭാവത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കർമരംഗത്ത് പലവിധ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. സ്ഥാനമാറ്റം, സ്ഥലമാറ്റം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തിലും ചില മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. വസ്തു സംബന്ധമായ ഇടപാടുകൾ നടത്തുന്നവർക്ക് ഗുണപ്രദം ആയിരിക്കും. വസ്തു സംബന്ധമായി വളരെയധികം നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ വാഹനം ലഭിക്കാനും ഇടയുണ്ട്. വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു തീർക്കാനും ആകും. കർമത്തോടൊപ്പം ചില ബിസിനസ് ചെയ്യുന്നവർക്കും മെച്ചം ഉണ്ടാകുന്നതാണ്. മറ്റുള്ളവരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. വാക്കുകൊണ്ട് കസർത്തു നടത്തുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. ജീവിതപങ്കാളിയുടെ രോഗാവസ്ഥകൾക്ക് ശമനം ഉണ്ടാകും. ദമ്പതികളുടെ ഇടയിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ എല്ലാം മാറി മുന്നോട്ടുപോകുന്നതാണ്. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവ വിപുലപ്പെടുത്തി എടുക്കുവാനും അതിൽ നിന്ന് നല്ല നേട്ടങ്ങളും പ്രതീക്ഷിക്കാം. മറ്റുള്ളവർ തങ്ങളെ അംഗീകരിക്കാനും തന്റെ വാക്കുകൾക്ക് വില കൽപ്പിക്കപ്പെടാനും സാധ്യതയുണ്ട്. കുടുംബത്തിൽ നില നിന്നിരുന്ന അസ്വാരസ്യങ്ങളെല്ലാം മാറും. കേസുകളും വഴക്കുകളും ഉണ്ടായിരുന്നവർക്ക് അവയെല്ലാം രമ്യമായി പരിഹരിക്കപ്പെടാൻ ഇടയുണ്ട്. കടം ഒരു പരിധിവരെ കൊടുത്തു തീർക്കാൻ ആവും. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതായി വരും.

വൃശ്ചികക്കൂർ: വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് മൂന്നും നാലും ഭാവാധിപതി ആയ ശനിയാണ് നാലിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.  പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. ഇതുവരെ തടസ്സപ്പെട്ടു കിടന്ന പല സംരംഭങ്ങളുടെയും തടസ്സങ്ങൾ മാറി അവ ശുഭകരമായി പൂർത്തീകരിക്കാൻ ആകുന്നതാണ്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ എല്ലാം വിജയം കാണാനാകും. ഉദ്യോഗാർഥികൾക്ക് ശമ്പള വർധനവ്, ശമ്പള കുടിശ്ശിക ലഭിക്കാൻ ഉള്ളവ ലഭിക്കാനും ഇടയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവർക്കും അവ ലഭിക്കാനുള്ള സാധ്യതയുണ്ട്. അധിക ചെലവുകൾ നിയന്ത്രണാതീതമാകും. കേസുകളും വഴക്കുകളും ഉണ്ടായിരുന്നവർക്ക് അവയെല്ലാം പരിഹരിക്കപ്പെട്ട് മുന്നോട്ടു പോകാൻ ആകുന്നതാണ്. കടങ്ങൾ ഒരു പരിധി വരെ വീട്ടി തീർക്കാൻ ആകും. വിദേശത്ത് തൊഴിലിനായി  പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹപൂർത്തീകരണം ഉണ്ടാകും. വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തടസ്സങ്ങളെല്ലാം മാറി, കാര്യസാധ്യമുണ്ടാകുന്നതാണ്. പുതിയ വാഹനം വാങ്ങാനും ആകും. വീട് സ്വന്തമാക്കാൻ സാധിക്കും. ദൈവാധീനമുള്ള സമയമാകയാൽ എല്ലാ കാര്യങ്ങളും ശുഭകരമായി പര്യവസാനിക്കും. രോഗശമനവും പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. അമ്മയുടെ രോഗാവസ്ഥകൾക്കും മാറ്റം ഉണ്ടാകും. വിവാഹകാര്യങ്ങളും തീരുമാനമാകാൻ ഇടയുണ്ട്.

ധനുക്കൂർ : മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് രണ്ടും മൂന്നും ഭാവാധിപതിയായ ശനിയാണ് മൂന്നിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവ ലഭിക്കാനും ഇപ്പോൾ വിഷമതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗാർഥികൾക്ക് ആകട്ടെ ദുരിതങ്ങളെല്ലാം മാറി കിട്ടുന്നതാണ്. ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിലായിട്ടുണ്ടെങ്കിൽ അവയെല്ലാം പുനരാരംഭിച്ച മുന്നോട്ട് പോകാനാകും. കർമരംഗത്ത് സ്ഥാന മാറ്റം, സ്ഥലം മാറ്റം, ഉന്നത പദവി തന്നെ വഹിക്കാനാകുന്നതാണ്. വീടുപണി ത്വരിതപ്പെടുന്നതാണ്. ദൂരദേശ യാത്രകൾ കൊണ്ട് പ്രയോജനപ്രദം ആകും. ഇളയ സഹോദരങ്ങളുമായി അകൽച്ചയുണ്ടായിരുന്നവർക്ക് അവയെല്ലാം മാറി കിട്ടുന്നതാണ്. തന്നെ മറ്റുള്ളവർ അംഗീകരിക്കാനും പേരും, പ്രശസ്തിയും ഉണ്ടായി വരുന്നതാണ്. അപ്രതീക്ഷിത ധനാഗമനം ഉണ്ടാകാനും അധികധന ചെലവുകൾ നിയന്ത്രിക്കാനും ആകും. സന്താനങ്ങളുമായി നല്ല സന്തോഷത്തോടെ മുന്നോട്ടു പോകാൻ ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. പ്രണയം ഊഷ്മളമായിരിക്കും. അച്ഛനുമായി നല്ല ബന്ധം പുലർത്താൻ ആകുന്നതാണ്. അച്ഛന്റെ രോഗവസ്ഥയിൽ ശമനം ഉണ്ടാകും. അയൽക്കാരുമായി എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നവർക്ക് അത് മാറി കിട്ടുന്നതാണ്.

മകരക്കൂറ് : ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക്, സ്വന്തം രാശ്യാധിപനും രണ്ടാം ഭാവാധിപനുമായ ശനി ഇപ്പോൾ രണ്ടാം ഭാവത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 2025 മാർച്ച് വരെ ഏഴര ശനി കാലമാണ്. ഏഴര ശനിയുടെ അവസാന കാലഘട്ടങ്ങൾ. ശനി വക്രഗതിയിൽ ആകുമ്പോൾ നിങ്ങളുടെ ദുരിതങ്ങൾ കുറഞ്ഞു വരുന്നതാണ്. കർമരംഗത്ത് നല്ല മാറ്റങ്ങൾ തന്നെ കാണാൻ ആകും. ശമ്പള വർധനവും പ്രമോഷൻ, ഉദ്ദേശിച്ച സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അവ ആഗ്രഹപ്രകാരം ലഭിക്കാനും ഇടയുണ്ട്. വീട് മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹപൂർത്തീകരണം ഉണ്ടാകും. അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആകും. അപ്രതീക്ഷിതമായി പൂർവിക സ്വത്ത് ലഭിക്കാനിടയുണ്ട്. വിവാഹ കാര്യങ്ങൾ തീരുമാനമാകാനും സന്താനഭാഗ്യത്തിനും ഉതകുന്ന കാലഘട്ടമാണ്. എല്ലാ കാര്യത്തിലും മനസ്സന്തോഷം ലഭിക്കുന്നതാണ്. സ്വന്തമായി തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോവുക. പുതിയ വാഹനം വാങ്ങുന്നതിനും വസ്തു വാങ്ങുന്നതിനും വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നവർക്കും ആഗ്രഹപൂർത്തീകരണം ഉണ്ടാകും. പുതിയ വീട് വാങ്ങാൻ ആഗ്രഹം ഉള്ളവർക്ക് ആഗ്രഹം സഫലമാകുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല നേട്ടങ്ങൾ കൊയ്യാനാകും. സന്താനങ്ങളുടെ സന്തോഷത്തിനായി അക്ഷീണം പ്രയത്നിക്കേണ്ടി വരുന്നതാണ്. അവരുടെ വിവാഹ കാര്യങ്ങൾ തീരുമാനമാകാനും സന്താന ലബ്ധി സംബന്ധിച്ചും സന്തോഷവസരങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ തൃപ്തി ഉണ്ടാകും. രോഗശമനം പ്രതീക്ഷിക്കാം. അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകും.

കുംഭക്കൂർ :അവിട്ടത്തിന്റെ അവസാന പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് രാശ്യാധിപനും പന്ത്രണ്ടാം ഭാവാധിപനുമാണ് ശനി. ജൂൺ 30 ന് വക്രഗതിയിൽ ആകുമ്പോൾ സ്വന്തം രാശിയിൽ സ്ഥിതി ചെയ്യുന്ന ശനി രണ്ടാം ഭാവത്തിൽ തന്നെ സഞ്ചരിക്കുന്നു. കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. കർമരംഗത്ത് ശമ്പള വർധനവ്, സ്ഥാനമാറ്റം, സ്ഥലമാറ്റം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ഇപ്പോൾ അനുഭവിച്ചു പോരുന്ന തടസ്സങ്ങളെല്ലാം മാറി ആഗ്രഹിച്ച കാര്യങ്ങളെല്ലാം സാധിച്ചു കിട്ടും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പുനരാവിഷ്കരിക്കാൻ ആകും. അവയിൽ നിന്നെല്ലാം നേട്ടങ്ങളും പ്രതീക്ഷിക്കാം. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനാകും. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുന്നവർക്ക് ആഗ്രഹപൂർത്തീകരണം ഉണ്ടാകും. ഇളയ സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നവർക്ക് അവയെല്ലാം മാറി കിട്ടുന്നതാണ്. ആത്മവിശ്വാസം കൂടുതൽ അനുഭവപ്പെടുന്നതാണ്. ധൈര്യം വർധിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. ദമ്പതികളുടെ ഇടയിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറി, ഒന്നിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. കടങ്ങളും ഒരു പരിധി വരെ വീട്ടി തീർക്കാൻ ആകും. കേസുകളോ വഴക്കുകളോ നിലനിന്നിരുന്നവർക്ക് അവ താൻ ആഗ്രഹിക്കുന്ന പ്രകാരം ഒത്തുതീർപ്പിനായി ശ്രമിക്കാവുന്നതാണ്. യാത്രകൾ ധാരാളമായി വേണ്ടിവരും. യാത്രാ ചെലവുകൾ വർധിക്കുമെങ്കിലും ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കും. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താൻ ആകും.

മീനക്കൂർ: പൂരുരുട്ടതിയുടെ അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക്, പതിനൊന്നും പന്ത്രണ്ടും ഭാവാധിപതിയായ ശനിയാണ് പന്ത്രണ്ടാം ഭാവത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഏഴരശനികാലമാണ്. മീനക്കൂറുകാർക്കു 2024 ജൂൺ 30 മുതൽ പന്ത്രണ്ടാമത്തെ രാശിയിൽ ശനി വക്ര ഗതിയിൽ ആകുന്നു. എല്ലാകാര്യത്തിലും ഒരു മാറ്റം ഉണ്ടാകും. വിചാരിച്ച കാര്യങ്ങൾക്കെല്ലാം ഒരു ഫലം കാണാൻ ആകുന്നതാണ്. ഇതുവരെ നഷ്ടത്തിലായിരുന്ന ബിസിനസ് വിപുലപ്പെടുത്തി എടുക്കുവാനും അവയിൽ നിന്നും പലവിധ നേട്ടങ്ങളും ലഭ്യമാണ്. ബിസിനസ് രംഗത്ത് എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും അവയെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ ആകുന്നതാണ്. കർമരംഗത്ത് കഠിനാധ്വാനം വേണ്ടിവരും. അധ്വാനിക്കുന്നതിന് അനുസരിച്ചുള്ള ഫലമുണ്ടാകും. കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറി കിട്ടുന്നതാണ്. എല്ലാക്കാര്യത്തിലും സമാധാനം, സന്തോഷം എന്നിവ ഉണ്ടാകും. കർമരംഗത്ത് മീനം രാശിയിൽ പെട്ടവരെ മറ്റുള്ളവർ അംഗീകരിക്കുന്നതാണ്. സമൂഹത്തിൽ എന്തെങ്കിലും തരത്തിലുള്ള പേര് ദോഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം മാറി കിട്ടുന്നതാണ്. എല്ലാവരും അംഗീകരിക്കും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അവ ലഭിക്കാനും ഇടയുണ്ട്. മൂത്ത സഹോദരങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. നല്ലതുപോലെ ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. ശാരീരിക അസ്വസ്ഥതകൾ എന്തെങ്കിലുമുള്ളവർ ആണെങ്കിൽ അവയ്ക്കെല്ലാം ഒരു ശമനമുണ്ടാകും. രോഗങ്ങളെയും അതിജീവിക്കാനാകും. കടം ഒരു പരിധിവരെ വീട്ടാനാകും. ശത്രുശല്യം കുറയാം. സന്താനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടിവരും. ബിസിനസ് വിപുലപ്പെടുത്തി എടുക്കുവാനും അവയിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകാനും സാഹചര്യം ഒരുങ്ങും. അച്ഛനിൽ നിന്നും സഹായങ്ങൾ ലഭിക്കാം.

ശനിയെ പ്രീതിപ്പെടുത്തുന്നതിനായി ശാസ്താവിന് നീരാഞ്ജനം, എള്ളു പായസം, ഹനുമാൻ സ്വാമിക്ക് വെറ്റില മാല, വെണ്ണ നിവേദ്യം എന്നിവ പ്രധാനപ്പെട്ടവയാണ്. ശനിയാഴ്ച ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിക്കുന്നതും കാക്കയ്ക്ക് ചോറു കൊടുക്കുന്നതും ഗുണപ്രദമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *