ബജറ്റിൽ വിദേശസർവകലാശാല, സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടുന്നു
തിരുവനന്തപുരം: കമ്മ്യൂണിസ്റ് പാർട്ടിയുടെ നയത്തിനു വിരുദ്ധമായി വിദേശസർവകലാശാലകൾക്ക് അനുമതിനൽകാനുള്ള സംസ്ഥാനബജറ്റിലെ പ്രഖ്യാപനത്തിൽ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടുന്നു. വിദേശസർവകലാശാലയ്ക്കുള്ള യു.ജി.സി. നടപടികളെ വിമർശിച്ച് 2023 ജനുവരി ഏഴിന് പി.ബി. പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇതു വ്യക്തമാക്കിയിരുന്നു. പാർട്ടി നയത്തിനു വിരുദ്ധമായി ബജറ്റിൽ നിർദേശം വന്നതിലെ അമ്പരപ്പിലാണ് ഒരുവിഭാഗം. സ്വയംഭരണാധികാരത്തോടെയുള്ള വിദേശസർവകലാശാലകൾ രാജ്യത്തെ ഉന്നതവിദ്യാഭ്യാസഘടനയെയും പരമാധികാരത്തെയും ബാധിക്കുമെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
ഉന്നത വിദ്യാഭ്യാസ വകുപ്പുമായും കൂടിയാലോചന നടന്നിട്ടില്ല. തിരുത്തൽനടപടി ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ഉണ്ടായേക്കാം. ഈ നയവ്യതിയാനം ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.