ഖദീജയുടെ റഹ്‌മാന്റെ ചലച്ചിത്രക്കുറിച്ച്: എ.ആര്‍.റഹ്‌മാന്‍
ഹലീത ഷമീം സംവിധാനം ചെയ്ത മിന്‍മിനി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കുകയാണ് എ.ആര്‍. റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍. ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് ശേഷം മകളെ അഭിനന്ദിച്ചിരിക്കുകയാണ് എ.ആര്‍. റഹ്‌മാന്‍. മിന്‍മിനിയുടെ സംഗീതസംവിധാനത്തിലൂടെ തന്നെ ആക്ഷേപിച്ചവര്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഖദീജ എന്ന് റഹ്‌മാന്‍ പ്രതികരിച്ചു. സംവിധായിക ഹലീതയേയും ചിത്രത്തിന്റെ ഛായാഗ്രാഹകനും നിര്‍മാണപങ്കാളിയുമായ മനോജ് പരമഹംസയേയും അദ്ദേഹം അഭിനന്ദിച്ചു.
“മിന്‍മിനി എന്റെ മകള്‍ ഖദീജയുടെ ആദ്യ സംഗീതസംവിധാനമാണ്. ആ അവസരം ഹലീതയാണ് നല്‍കിയത്. ഹലീതയുടെ കഥ പറയുന്ന രീതിയാകട്ടെ സംവിധാനമാകട്ടെ തമിഴ് സിനിമയില്‍ ഇത്തരത്തിലൊന്ന് ആദ്യമായാണ്. ഖദീജയുടെ സംഗീതസംവിധാനം വളരെ നന്നായിട്ടുണ്ട്. അവളുടെ അച്ഛനായതുകൊണ്ടല്ല ഞാനിങ്ങനെ പറയുന്നത്, അവള്‍ മികച്ച ഒരു നിലവാരം സ്വയം നിശ്ചയിച്ചിട്ടുണ്ട്.
ഖദീജയെ കുറിച്ചുള്ള ഏതൊരു വാര്‍ത്ത വന്നാലും ലക്ഷക്കണക്കിനാളുകള്‍ അവളെ അപഹസിക്കാറുണ്ട്. ഈ സിനിമയിലൂടെ അവര്‍ക്കുള്ള കൃത്യമായ മറുപടി അവള്‍ നല്‍കിക്കഴിഞ്ഞു. അവളെക്കുറിച്ച് ഞാനേറെ അഭിമാനിക്കുന്നു. കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ ഈശ്വരന്‍ അവളെ അനുഗ്രഹിക്കട്ടെ”, റഹ്മാന്‍ പറഞ്ഞു.
റോജ സിനിമയിലൂടെ ആദ്യമായി സ്വന്തം പേരെഴുതിക്കാണിച്ചപ്പോള്‍ ഏറെ സന്തോഷിച്ചുണ്ടാവുമല്ലോ, ഇപ്പോള്‍ മകളുടെ പേര് സ്‌ക്രീനില്‍ തെളിയുമ്പോള്‍ എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് തനിക്കേറെ സന്തോഷമുണ്ടെന്നും കഴിഞ്ഞ പത്തുവര്‍ഷമായി ഖദീജയുടെ കഴിവിലുണ്ടായ പുരോഗതി താന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ സ്വന്തമായി സംഗീതസംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസം അവര്‍ക്ക് കൈവന്നതായും റഹ്‌മാന്‍ പ്രതികരിച്ചു.
ജൂലായ് 24 ന് നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് എ.ആര്‍. റഹ്‌മാന്‍ പങ്കെടുത്തിരുന്നില്ല. തന്റെ കഴിവ് തെളിയിച്ചതിന് ശേഷം അച്ഛന്‍ തന്നെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനാണ് താനാഗ്രഹിക്കുന്നതെന്ന് ഖദീജ പറഞ്ഞിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെടാന്‍ താനാഗ്രഹിക്കുന്നില്ല എന്നും ഖദീജ കൂട്ടിച്ചേര്‍ത്തിരുന്നു.
എസ്തര്‍ അനില്‍, പ്രവീണ്‍ കിഷോര്‍, ഗൗരവ് കാലൈ എന്നിവരാണ് മിന്‍മിനിയിലെ പ്രധാന അഭിനേതാക്കള്‍. ഹലീതയുടെ സ്വപ്‌നപദ്ധതിയായ ഈ സിനിമയ്ക്ക വേണ്ടി വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് സംവിധായിക നടത്തിയത്. അഭിനേതാക്കള്‍ കുട്ടികളായിരുന്ന സമയത്ത് തുടങ്ങിയ ഷൂട്ടിങ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂര്‍ത്തിയാക്കിയത്. അവസാനഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ അഭിനേതാക്കള്‍ വലുതാകുന്നതുവരെ ഹലീത കാത്തിരുന്നു. ഓഗസ്റ്റ് ഒന്‍പതിനാണ് സിനിമ റിലീസ് ചെയ്യുന്നത്.