ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരില്‍ അബ്ദുള്‍ റൗഫ് അസറും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് കനത്ത പ്രഹരം. ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറും ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ സഹോദരനുമായ അബ്ദുള്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.
കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെ സൂത്രധാരനാണ് അബ്ദുള്‍ റൗഫ് അസര്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂരിലും മുരിഡ്‌കെയിലുമാണ് ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. ബഹാവല്‍പൂര്‍ ആക്രമണത്തില്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതായി ഇന്നലെ ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറും ഉള്‍പ്പെടുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെ സൂത്രധാരനാണ് അബ്ദുള്‍ റൗഫ് അസര്‍. അല്‍ഖ്വയ്ദ ഭീകരന്‍ ഒമര്‍ സയീദ് ഷെയ്ഖിന്റെ മോചനത്തിന് വേണ്ടിയാണ് കാണ്ഡഹാര്‍ വിമാനം റാഞ്ചിയത്. അമേരിക്കന്‍-ജൂത പത്രപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ഒമര്‍ സയീദ് ഷെയ്ഖിന്റെ നേതൃത്വത്തിലായിരുന്നു. ഒമര്‍ സയീദ് ഷെയ്ഖിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് അബ്ദുള്‍ റൗഫ് അസറാണ്. 2002-ല്‍ പേളിന്റെ ക്രൂരമായ കൊലപാതകം ലോകമനഃസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു,’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.