അബ്‌ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതിയിൽ
കോഴിക്കോട്: റിയാദ് ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്‍റെ മോചനം സംബന്ധിച്ച കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും. അഞ്ച് തവണ കേസ് മാറ്റി വച്ച ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. പ്രാദേശിക സമയം രാവിലെ 8 മണിക്കാണ് കോടതി കേസ് പരിഗണിക്കുക.
ഇന്നത്തെ കോടതിയുടെ നിലപാട് എന്താകും എന്നതും നിർണായകമാണ്. സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസുകാരനായ മകൻ മരിച്ച കേസിൽ 2006 ഡിസംബർ 26നാണ് റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്.കേസിൽ വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും റിയാദ് ജയിലിൽ തുടരുകയാണ് റഹീം.
34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്‍റെ വധശിക്ഷ റദ്ദാക്കിയിരുന്നു. അതേസമയം തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീം ജയിൽ മോചിതനാകു.
മോചന ഹര്‍ജിയില്‍ ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിസംബർ എട്ടിന് നടന്ന അടുത്ത സിറ്റിങ്ങിലും വിധി പറഞ്ഞില്ല.
മരണത്തിൽ വിശദമായ സത്യവാങ്മൂലവും കണ്ടെത്തലുകളുമാണ് പ്രോസിക്യൂഷൻ നൽകിയിട്ടുള്ളത്. റഹീമിന് ഇക്കാര്യത്തിൽ പറയാനുള്ളതും കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഇനി ഇവ പരിശോധിച്ചുള്ള കോടതി വിധിയാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ നേരത്തെ റദ്ദായതിനാൽ ഇനി വരുന്ന വിധിയിൽ തടവുശിക്ഷ സംബന്ധിച്ചുള്ള തീരുമാനം നിർണായകമാണ്.