‘ടച്ചിങ്സ്’ കൊടുക്കാത്ത പകയിൽ യുവാവ് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂർ: തൃശൂർ പുതുക്കാട് ‘ടച്ചിങ്സ് ‘കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ബാർ ജീവനക്കാരനെ കുത്തി കൊന്നു. ഇന്നലെ രാത്രി 11:40 ആയിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി സ്വദേശി 62 വയസുള്ള ഹേമചന്ദ്രനാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ആമ്പല്ലൂർ അളകപ്പനഗർ സ്വദേശി സിജോയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കുറ്റവാളിയെ പൊലീസ് പിടികൂടിയത്. ഇന്നലെ പകൽ ബാറിൽ എത്തിയ യുവാവ് നിരന്തരം ടച്ചിങ് വാങ്ങിച്ചതിന് ചൊല്ലി ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് ജീവനക്കാരെ വെല്ലുവിളിച്ചാണ് ബാറിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് രാത്രി ബാറിന് പുറത്ത് ഇയാള്‍ തക്കം കാത്ത് പതിയിരിക്കുകയായിരുന്നു.എന്നാൽ കൊല്ലപ്പെട്ട ഹേമചന്ദ്രൻ തർക്കത്തിൽ ഇടപെട്ടിട്ടില്ലായിരുന്നു.
ബാർ അടച്ചതിനു ശേഷം സമീപത്തെ തട്ടുകടയിൽ നിന്നും ചായകുടിച്ച ഹേമചന്ദ്രൻ ബാറിൻ്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ യുവാവ് യാതൊരു പ്രകോപനവും ഇല്ലാതെ കത്തികൊണ്ട് കഴുത്തിൽ കുത്തി ഓടിപ്പോവുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.