കാറിലെ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടി മരിച്ചു
കാറിലെ എയർബാഗ് മുഖത്തമർന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസുകാരി ശ്വാസംമുട്ടി മരിച്ചു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകള്‍ ഇഫയാണ് മരിച്ചത്. ഇഫയും മാതാപിതാക്കളും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറിന്റെ മുന്‍സീറ്റില്‍ മാതാപിതാക്കളോടൊപ്പം അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയര്‍ബാഗ് മുഖത്ത് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവ് രണ്ട് ദിവസം മുന്‍പാണ് വിദേശത്ത് നിന്നെത്തിയത്.
അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പൊലീസ് നടപടി സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്നു മണിക്ക് പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ കബറടക്കും.