നെയ്യാറ്റിൻകരയിൽ ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
തിരുപുറം ആര്‍സി ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.നെയ്യാറ്റിന്‍കരയില്‍നിന്നും പൂവാറില്‍നിന്നും രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഡ്രൈവര്‍ ക്യാബിനും യാത്രക്കാരുടെ രണ്ട് ക്യാബിനും പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 9 മണിക്ക് നടന്ന മറ്റൊരു സംഭവത്തിൽ ,മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ തിരുവാഴിയോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസിലെ യാത്രക്കാരും ജീവനക്കാരും ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി . രാത്രി ഒൻപതിന് തിരുവാഴിയോട് പെട്രോൾ പമ്പിന് മുൻപിലായിരുന്നു അപകടം. 22 യാത്രക്കാരും നാല് ജീവനക്കാരുമായി കോഴിക്കോട്ടുനിന്ന് ചെന്നൈയ്ക്ക് പോകുകയായിരുന്ന പോകുകയായിരുന്ന ‘എ വൺ’ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കേ വണ്ടിയുടെ മുന്നിൽനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ ബസ് നിർത്തി.പരിശോധിക്കുന്നതിനിടെ തീ പടർന്നുപിടിച്ചു. ഉടനെ യാത്രക്കാരെ അടിയന്തരരക്ഷാവാതിൽ വഴി പുറത്തിറക്കി. ഇതിനിടെ, തീ ബസിനകത്തേക്ക് പടർന്നതോടെ ഒരു യാത്രക്കാരൻ ബസ്സിൽ കുടുങ്ങി.ഉടൻതന്നെ പിന്നിലെ ചില്ല് തകർത്ത് ഇയാളെ പുറത്തിറക്കുകയായിരുന്നു. തൊട്ടുപിന്നാലെ തീ പൂർണമായും പടർന്നുപിടിച്ചു.കോങ്ങാട്, മണ്ണാർക്കാട് അഗ്നിരക്ഷാസേനയെത്തി 45 മിനിട്ട് പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.