ബേലാപ്പൂരിൽ നടന്നത് ‘ബലപരീക്ഷണം’. മന്ദാ മാത്രേ ജയിച്ചത് 377 വോട്ടിന്…!

0

മുരളി പെരളശ്ശേരി

 

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ, ബേലാപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ബിജെപിയുടെ മന്ദാ മാത്രേ വിജയിച്ചത് 377 വോട്ടിന് !
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ വിജയത്തിന് ശേഷം ബേലാപൂർ സീറ്റിൽ നിന്നുള്ള മന്ദാ മാത്രേയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.2014 ലെ തെരഞ്ഞെടുപ്പിൽ ബേലാപ്പൂരിൽ നിന്നും എൻസിപി സീറ്റിൽ മത്സരിച്ച്‌ മന്ദാമാത്രെയോട് തോറ്റ, ഗണേഷ് നായിക്ക് , ബേലാപൂർ പിടിച്ചെടുക്കണം എന്ന വ്യാമോഹത്തിലാണ് മകൻ സന്ദീപ് നായിക്കിനെ അതെ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത് .അതിനു വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബിജെപി വിട്ട് വീണ്ടും എൻസിപി (ശരദ് ) യിൽ സന്ദീപ് ചേർന്നു .

(2019ൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി ആയിരിക്കെയാണ് സന്ദീപ് നായിക് ഫഡ്‌നാവീസിന്റെ സാന്നിധ്യത്തിൽ നവിമുംബൈയിലെ അമ്പതോളം പേരെ കൂടെ നിർത്തികൊണ്ട് , ബിജെപിയിൽ ചേരുന്നത്. 2023ൽ ബിജെപിയുടെ നവിമുംബൈ ജില്ലാ പ്രസിഡന്റായി. 2024 ഒക്ടോബറിൽ വീണ്ടും ശരദ് പവാറിന്റെ എൻസിപി യിലേക്ക് കൂറ് മാറ്റം! )

ശനിയാഴ്ച രാവിലെ പോളിംഗ് ആരംഭിച്ചപ്പോൾ, ആദ്യ റൗണ്ടിൽ നായിക്കിൻ്റെ 2,150 വോട്ടിനെതിരെ 3,655 വോട്ടുകൾ നേടി മാത്രേ നേരത്തെ ലീഡ് നേടി.ഓരോ റൗണ്ടിലെയും വോട്ടെണ്ണൽ കുതിച്ചുയരാൻ തുടങ്ങിയപ്പോൾ, 2,000-നും 3,000-നും ഇടയിൽ വോട്ടുകൾ കുറവായിരുന്നെങ്കിലും, മാത്രെ ലീഡ് നിലനിർത്തി മുന്നേറി .വാശിയിൽ നിന്ന് ആരംഭിച്ച വോട്ടെണ്ണൽ ബേലാപൂരിലേക്ക് നീങ്ങി. എന്നാൽ 19-ാം റൗണ്ടിൽ, നെരൂൾ, സീവുഡ്സ് തുടങ്ങിയ എൻസിപി (എസ്പി) ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള പെട്ടികൾ എത്തിയപ്പോൾ, നായിക് 3,416 വോട്ടുകൾക്ക് മാത്രയെ മറികടന്നു.25-ാം റൗണ്ട് അവസാനിച്ചപ്പോൾ നായിക്കിന് ഏകദേശം 5,000 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു, മാത്രേയുടെ 81,676-നെ അപേക്ഷിച്ച് 86,656 വോട്ടുകൾ ! മൂന്ന് റൗണ്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ നായിക് വിജയത്തിൻ്റെ പാതയിലാണെന്ന് തോന്നിപ്പിച്ചു..

26-ാം റൗണ്ടിൽ, നായിക്കിൻ്റെ ലീഡ് 5,000-ൽ നിന്ന് വെറും 774 വോട്ടുകളായി ചുരുങ്ങി , രണ്ട് റൗണ്ടുകൾ ബാക്കിനിൽക്കെ, ഇരുവര് ഏതാണ്ട് ഒരേ നിലയിലേയ്ക്ക് എത്തി. അടുത്ത റൗണ്ടിൽ 146 വോട്ടുകൾക്ക് മന്ദാമാത്രേ നായിക്കിനെ മറികടന്നു. തുടർന്ന് വോട്ടെണ്ണൽ നടക്കുന്ന നെരൂളിലെ അഗ്രി കോളി ഭവനിൽ ബിജെപി സ്ഥാനാർഥി എത്തി.അവസാന റൗണ്ടിൽ മാത്രേയുടെ യുടെ ലീഡ് 415 ആയി ഉയർന്നു. ആ സമയത്ത്, തപാൽ ബാലറ്റുകൾ കണക്കിലെടുത്ത് നായിക്ക് വിഭാഗം വീണ്ടും വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടു , അവിടെയും 38 വോട്ടുകൾക്ക് മാത്രേ നായിക്കിനെ പിന്നിലാക്കി.വോട്ടെണ്ണൽ മുഴുവൻ പൂർത്തിയാകുമ്പോൾ മന്ദാ മാത്രയുടെ ഭൂരിപക്ഷം 377.
മാത്രേ നേടിയത് 91,852 .സന്ദീപിന് ലഭിച്ചത് 91,475 വോട്ട് . 2019ൽ മന്ദാ മാത്രേ ബേലാപ്പൂരിൽ വിജയിച്ചത് 43,597 വോട്ടിനാണ്.അന്ന് പരാജയപ്പെടുത്തിയത് NCPയുടെ അശോക് അങ്കുഷ് ഗാവ്‌ഡെയെ. 2014 ൽ ഗണേഷ് നായിക്കിനെ പരാജയപ്പെടുത്തിയത് 1491 വോട്ടിന് . 2009 ൽ NCP സ്ഥാനാർത്ഥിയായി ഗണേഷ് നായിക്ക് ഇവിടെ മത്സരിച്ചു ജയിച്ചത് 12, 873 വോട്ടുകൾക്കാണ് .
ബേലാപ്പൂർ തനിക്ക് സുരക്ഷിത ഇടമല്ല എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മന്ദാ മാത്രെയോടുള്ള വൈരാഗ്യവും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് . പാർട്ടിയും,മണ്ഡലവും മാറി അദ്ദേഹം ഐരോളിയിലേക്ക് പോകുന്നത്.BJP സ്ഥാനാർത്ഥിയായ അദ്ദേഹം ഇത്തവണ 91,880 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2019 ൽ ഭൂരിപക്ഷം 78,491ആയിരുന്നു. 2009 ലും 2014 ലും ഇവിടെ നിന്നും ജയിച്ചു വന്നത് മകൻ സന്ദീപ് നായിക്കായിരുന്നു,NCP ടിക്കറ്റിൽ. പക്ഷെ, സന്ദീപിലൂടെ ബേലാപ്പൂർ പിടിച്ചെടുക്കാമെന്ന മോഹം കേവലം 377 വോട്ടിൻ്റെ വ്യത്യാസത്തിൽ അദ്ദേഹത്തിന് വ്യർത്ഥമായി !(2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താനെ മണ്ഡലത്തിലേക്കുള്ള എംപി സീറ്റിൽ സന്ദീപിൻ്റെ സഹോദരൻ സഞ്ജീവ് നായിക് വിജയിച്ചു.
നവിമുംബൈയുടെ ആദ്യ മേയറായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജീവ് തുടർച്ചയായി മൂന്നുതവണ ഇവിടെ മേയറായിട്ടുണ്ട്.)

വോട്ടിനെ ഭിന്നിപ്പിക്കാൻ ‘മന്ദാ മാത്രേ’ , ‘സന്ദീപ് നായിക് ‘എന്ന അതേ പേരുകളുള്ള അപരന്മാർ സ്വതന്ത്ര സ്ഥാനാർഥികളായി ഇവിടെ മത്സരിച്ചിരുന്നു. ഇവർ രണ്ടുപേരും അടിച്ചു മാറ്റിയത് 577 + 557 വോട്ടുകളാണ്.
ജയപരാജയങ്ങളെ ഇവിടെയുള്ള മലയാളി വോട്ടുകളും സ്വാധീനിച്ചിട്ടുണ്ടാകാം. മന്ദാ മാത്രയുടെ പ്രചാരണത്തിനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇവിടെ എത്തിയിരുന്നു.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *