“സഭാ വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യം” : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

എറണാകുളം : ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മലയാളി വൈദികരും കന്യാസ്ത്രീകളും ഒരു സുവിശേഷകനും മരണാനന്തര കുര്‍ബാനയ്ക്ക് ചെന്ന് തിരിച്ച് വരുമ്പോഴാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സുവിശേഷകന്‍ ബൈക്കിലായിരുന്നു സഞ്ചരിച്ചത്. തീവ്രവാദി ഗ്രൂപ്പെന്ന് വിളിക്കാന്‍ പറ്റുന്നവര്‍ ഇദ്ദേഹത്തെ തടയുകയും വണ്ടിയില്‍ നിന്നിറക്കി വാഹനത്തിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. പിടിച്ച് വലിച്ച് ഷര്‍ട്ട് കീറി, അസഭ്യം പറഞ്ഞു. ആക്രമിച്ചു. മൊബൈല്‍ വാങ്ങിച്ചുവെച്ചു. മതപരിവര്‍ത്തനത്തിന് വന്നതല്ലേയെന്ന് ചോദിച്ചു,പിന്നാലെ വന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും വാഹനം തടഞ്ഞുനിര്‍ത്തി. വണ്ടിയില്‍ നിന്ന് പുറത്തിറക്കി, മതപരിവര്‍ത്തനത്തിനാണ് വന്നതെന്ന് ആക്രോശിച്ചു.വെര്‍ബല്‍ അറ്റാക്ക് നടത്തി-സംഭവം വിശദീകരിച്ചുകൊണ്ട് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഇത്തരം ആക്രമണങ്ങള്‍ വരുമ്പോള്‍ ഇവിടെ ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ലെന്നും ഇന്ത്യയുടെ ഭരണഘടനയും മതസ്വാതന്ത്ര്യവുമാണെന്നും മാര്‍ ആന്‍ഡ്രൂസ് പറഞ്ഞു. ക്രൈസ്തവരോട് കുറേ നാളായി വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതവിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശം ഭരണഘടന തരുന്നു. മതസ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കണം. നിലവിൽ സഭാ വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ആര് ഭരിച്ചാലും ഭരിക്കുന്ന സര്‍ക്കാറിന് ഉത്തരവാദിത്തം ഉണ്ട്. ഭയമുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ നിരന്തരം പറയേണ്ടിവരുന്നത്- മാര്‍ ആന്‍ഡ്രൂസ് താഴത്ത്പറഞ്ഞു.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെയെടുത്ത കേസ് റദ്ദാക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനം സഭയും എതിര്‍ക്കുന്നുവെന്നും എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് വൈദികരെ ആക്രമിക്കുന്നതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ നയം ഇന്ത്യന്‍ മതമാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ പ്രധാനമന്ത്രിയെ കണ്ട് സഭാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സഭയുടെ ആശങ്ക അടക്കം പങ്കുവച്ചിട്ടുണ്ടെന്നും മൈനോരിറ്റി കമ്മീഷനില്‍ ഒരു ക്രിസ്ത്യന്‍ പ്രതിനിധി വേണം എന്നാവശ്യപ്പെട്ടിട്ട് നടന്നിട്ടില്ലെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.