ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര

ടെൽ അവീവ് : ഇസ്രയേലിൽ ബസുകളിൽ സ്‌ഫോടന പരമ്പര. നിർത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. ടെൽ അവീവിന് തെക്ക് ബാറ്റ് യാമിലാണ് സംഭവം. സ്‌ഫോടനത്തിൽ ആളപായമില്ല എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
സ്‌ഫോടനത്തെ തുടർന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാൻ അധികൃതർ നിർദേശം നൽകി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ ബസുകളും ട്രെയിനുകളും ലൈറ്റ് റെയിൽ ട്രെയിനുകളും താത്‌കാലികമായി നിർത്തിവച്ചതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.രണ്ടു ബസുകളിൽ നിന്ന് കണ്ടെത്തിയ ബോംബുകൾ സുരക്ഷാ ഉദ്യോഗസ്ഥർ നിർവീര്യമാക്കി. സ്‌ഫോടനം നടന്നതും നിർവീര്യമാക്കിയതുമുൾപ്പെടെ അഞ്ച് ബോംബുകളാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ഗതാഗത മന്ത്രി മിരി റെഗെവ് മൊറോക്കോയിലേക്കുള്ള യാത്ര റദ്ദാക്കി ഇസ്രയേലിലേക്ക് മടങ്ങുമെന്ന് കാൻ പബ്ലിക് ബ്രോഡ്‌കാസ്റ്റർ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.