ഹെയർസ്റ്റൈൽ പിടിച്ചില്ല, കാമുകിയെ കുത്തിക്കൊലപ്പെടുത്തി
പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി 49-കാരന്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലായിരുന്നു സംഭവം. ബെഞ്ചമിന്‍ ഗാര്‍സിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാര്‍മെന്‍ മാര്‍ട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്. കാര്‍മെനിന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയ കാര്‍മെനെ, അവിടെയെത്തിയാണ് ബെഞ്ചമിന്‍ കൊലപ്പെടുത്തിയത്.
സൈക്കോ എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച ഇയാളെ കാര്‍മെനിന്റെ മൃതദേഹത്തിനരികില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. കാര്‍മെനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരനും ബെഞ്ചമിന്റെ കുത്തേറ്റു. നരഹത്യ, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുടിമുറിച്ച് പുതിയ ഹെയര്‍ സ്റ്റൈലില്‍ കാര്‍മെന്‍ വീട്ടിലെത്തിയപ്പോള്‍ തന്നെ ബെഞ്ചമിന്‍ അസ്വസ്ഥനായിരുന്നുവെന്ന് പെന്‍സില്‍വാനിയയിലെ ഒരു ടെലിവിഷന്‍ ചാനൽ റിപ്പോര്‍ട്ട് ചെയ്തു. തന്റെ പുതിയ രൂപം ബെഞ്ചമിന് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കിയ കാര്‍മെന്‍, ഇയാളുടെ രോഷം ഭയന്ന് ഉടന്‍ തന്നെ വീടുവിട്ടിറങ്ങുകയായിരുന്നു. നേരേ മകളുടെ വീട്ടിലേക്കാണ് കാര്‍മെന്‍ ആദ്യം പോയത്. രാത്രി അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. ബെഞ്ചമിന്റെ സ്വഭാവത്തെ കുറിച്ച് അവര്‍ മകളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഹെയര്‍സ്റ്റൈലിന്റെ പേരില്‍ കാര്‍മെനെ കൊലപ്പെടുത്തുമെന്ന് ബെഞ്ചമിന്‍ ഭീഷണിപ്പെടുത്തിയതായി മകളാണ് പോലീസിന് മൊഴി നല്‍കിയത്.
എന്നാല്‍, അവിടെ നില്‍ക്കുന്നത് മകളുടെ സുരക്ഷയെ കൂടി ബാധിക്കുമെന്ന് തോന്നിയ കാര്‍മെന്‍, പിന്നീട് തന്റെ സഹോദരന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ബെഞ്ചമിനുമായുള്ള ബന്ധം അവസാനിപ്പിക്കാനും അവര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ബെഞ്ചമിനെ അറിയിക്കാന്‍ കാര്‍മെന്‍ തന്റെ ഒരു സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, സഹോദരന്റെ വീട്ടിലെത്തിയ ബെഞ്ചമിന്‍, കാര്‍മെനെ കാണാന്‍ ശ്രമിച്ചു. എന്നാല്‍, കാര്‍മെന്‍ തന്റെ അടുത്ത് വന്നിട്ടില്ലെന്ന് സഹോദരന്‍ അറിയിച്ചു. ഇത് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന ബെഞ്ചമിന്‍ മടങ്ങി ഒരു കത്തിയുമായി തിരിച്ചെത്തുകയായിരുന്നു. വീടിനകത്തുകയറാന്‍ ശ്രമിച്ചത് തടഞ്ഞ കാര്‍മെന്റെ സഹോദരനെയാണ് ബെഞ്ചമിന്‍ ആദ്യം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശബ്ദം കേട്ട് ഓടിവന്ന കാര്‍മെനു നേരെയായി പിന്നീടുള്ള ആക്രമണം.
കാര്‍മെനെതിരായ ആക്രമണം തടയാനെത്തിയ ഏതാനും ചിലരെയും ബെഞ്ചമിന്‍ ആക്രമിച്ചു. സംഭവം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും കാര്‍മെന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ചോരയൊലിക്കുന്ന കത്തിയുമായി മൃതദേഹത്തിന് അടുത്തുണ്ടായിരുന്ന ബെഞ്ചമിനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.