പ്രത്യാശയുടെ പുതുവർഷം…
“കറുപ്പും ചുവപ്പും അക്കങ്ങള്‍ നിരത്തിവച്ച കലണ്ടറിലൂടെ സഞ്ചരിച്ചു പോകുമ്പോള്‍ വഴി പെട്ടെന്ന് തീരുന്നു. വര്‍ഷം അവസാനിച്ചു. കലണ്ടര്‍ മാറ്റിയിടണം. പക്ഷെ സൂര്യന്‍ പതിവുപോലെ അടുത്ത പ്രഭാതത്തില്‍ ഉദിക്കും. ജനുവരിയിലെ തണുത്ത പ്രഭാതത്തിലെ പക്ഷികള്‍ വര്‍ഷം മാറിയതറിയാതെ പതിവുപോലെ തീറ്റ തേടിപ്പറക്കും. മനുഷ്യര്‍ മാത്രമാണല്ലൊ പുതുവര്‍ഷം പുലരുന്നതോര്‍ത്ത് ആഘോഷിക്കുന്നത്. പോയ വര്‍ഷങ്ങത്തിലെ ലാഭ നഷ്ടക്കണക്കെടുക്കുന്നവരുണ്ട്. വരുന്ന വര്‍ഷത്തില്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികകള്‍ ഉണ്ടാക്കും. ഒക്കെ വെറുതെയാണെന്നറിയാം. ജനുവരി പിറന്ന് ഒന്നോ രണ്ടോ ആഴ്ചകള്‍ പിന്നിടുമ്പോള്‍ എല്ലാം പഴയ മട്ടിലാകും. വായിച്ച പുസ്തകങ്ങളുടെ കണക്കുകളും പ്രസിദ്ധീകരിച്ച രചനകളുടെ കണക്കുകളും നിരവധി പേര്‍ എഴുതിയിടുന്നുണ്ട്. എന്തിനാണ് ഇതെന്ന് പിടികിട്ടുന്നില്ല. ഒരുപക്ഷെ വായിക്കുന്നവര്‍ ഇനിയും കുറ്റിയറ്റു പോയിട്ടില്ല എന്ന വിളംബരം ആകും ഇത്.
ഡിസംബര്‍ 31 സ്വയം കബളിപ്പിക്കാനുള്ള ദിവസമാണ് എന്ന് തോന്നാറുണ്ട്. ഓരോ ഡിസംബര്‍ 31 നും മദ്യപാനം, പുകവലി തുടങ്ങി പലതും അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവരെ അറിയാം. ഒട്ടു മിക്കവര്‍ക്കും ഏതാനും ദിവസങ്ങള്‍, ചിലപ്പോള്‍ ആഴ്ചകള്‍ മാത്രം നീളുന്ന റസൊല്യൂഷനുകള്‍ ആകും അവ. അപൂര്‍വ്വമായി അങ്ങനെ അല്ലാത്തവരുമുണ്ട്. ഒരു പുതുവര്‍ഷത്തലേന്ന് നാളെമുതൽ ആരെയും സാർ എന്ന് വിളിക്കില്ല എന്ന തീരുമാനം കൈക്കൊണ്ട ഒരാളെ എനിക്കറിയാം. അക്കാര്യം രഹസ്യമായി പങ്കുവച്ചതാണ്. അയാൾ അതിന്നും തുടരുന്നുണ്ടാകണം.
വർഷങ്ങൾ കൊണ്ട് ഉള്ളിൽ ഉരുണ്ടു കൂടുന്ന നൻമ / തിൻമകളുടെ മലകൾ ഒറ്റ ദിവസത്തെ ഉരുൾപൊട്ടലിൽ ഒലിച്ചു പോകില്ല എന്നുറപ്പുണ്ട്. എങ്കിലും പ്രത്യാശ എന്ന ഒന്നുണ്ട്. മനുഷ്യരെ മുന്നോട്ടു നയിക്കുന്ന ഏറ്റവും വലിയ ഊർജ്ജം പ്രത്യാശയാണ് എന്ന് തോന്നുന്നു.. അല്ലെങ്കിൽ മുന്നിൽ രൂപപ്പെടുന്ന പടുകുഴികളിൽ വീണ് പരിക്കേൽക്കുമ്പോഴും മുടന്തിയെഴുന്നേറ്റ് മുന്നോട്ട് പോകാൻ നമുക്ക് എങ്ങനെ കഴിയും? പോയ വർഷം ഏൽപ്പിച്ച മുറിവുകളെ നാം മറക്കുന്നത് അതുകൊണ്ടാണ്. സൗഭാഗ്യമാണ് ഇനി വരാനിരിക്കുന്നത് എന്ന പ്രത്യാശയുണ്ട്. ലോകത്തിന് മുഴുവൻ പുതുവർഷം സൗഭാഗ്യം നൽകട്ടെ എന്ന ആശയോടെ…”
സസ്നേഹം…
കണക്കൂർ ആർ. സുരേഷ്കുമാർ
( “പോയവർഷവും പുതുവർഷവും “
അനുഭവങ്ങളും പ്രതീക്ഷകളും വായനക്കാർക്ക് പങ്കുവെക്കാം –
വാട്സ്ആപ്പ് ചെയ്യുക -9324678001, 9322285364 )