എം കെ സ്റ്റാലിന്‍ കേരളത്തിൽ
കോട്ടയം: വൈക്കം സത്യഗ്രഹത്തില്‍ ‘തന്തൈ പെരിയാര്‍ ‘പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സ്വീകരിച്ചു. ഭാര്യ ദുര്‍ഗയും അദ്ദേഹത്തിനൊപ്പമുണ്ട്.
നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെയാണ് നടക്കുന്നത്. രാവിലെ 10 ന് സ്റ്റാലിന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും.
സ്റ്റാലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തമിഴ്‌നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാര്‍ സ്മാരക നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പെരിയാര്‍ പ്രതിമയ്ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള മ്യൂസിയം, ലൈബ്രറി, കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തീയറ്റര്‍ ഉള്‍പ്പെടെയുള്ള വിപുലമായ സ്മാരകമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ സ്റ്റാലിൻ മുല്ലപെരിയാർ വിഷയം മുഖ്യമന്ത്രി പിണറായിവിജയനുമായി ചർച്ചചെയ്യുമെന്ന് കഴിഞ്ഞ ദിവസം തമിഴ്‌നാട് ജലവിഭവ മന്ത്രി തിരു ദുരൈമുരുകൻപറഞ്ഞിരുന്നു.
ഇരുവരും തമ്മിലുള്ള ഔദ്യോഗികമല്ലാത്ത കൂടിക്കാഴ്ച ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് .