കാഠ്‌മണ്ഡുവില്‍ വന്‍ ഭൂചലനം

കാഠ്‌മണ്ഡു : നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 2.51 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.
കാഠ്‌മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ കിഴക്കായി ഹിമാലയൻ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലെ കോദാരി ഹൈവേയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ, വിശേഷിച്ചും കിഴക്കൻ, മധ്യ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യ, ടിബറ്റ്, ചൈന എന്നിവയുടെ അതിർത്തി പ്രദേശങ്ങളിലും ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഭൂകമ്പത്തില്‍ നാശനഷ്‌ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ഇല്ല. നേപ്പാളില്‍ തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നേപ്പാളിലുള്ളവരോട് അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്.