ഒന്നരവർഷമുണ്ടായ തർക്കത്തിൻ്റെ പക : യുവാവ് വെട്ടേറ്റു ആശുപത്രിയിൽ

കണ്ണൂർ: കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കൾ. കണ്ണൂർ ‘ലീഡേഴ്സ് ‘കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ആക്രമണത്തിൽ വാരം സ്വദേശി മുനീസ് മുസ്തഫയുടെ ചുണ്ട് വെട്ടേറ്റ് മുറിഞ്ഞു. ഫോൺ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് മുനീസിന്റെ സുഹൃത്തുക്കൾ.
സംഭവത്തിൽ അഞ്ച് പേർക്ക് എതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.ലീഡേഴ്സ് കോളജിലെ മുനീസിന്റെ ജൂനിയറായിരുന്നു കേസിലെ മുഖ്യപ്രതിയായ നിഷാദ്. ഒന്നര വർഷം മുൻപുണ്ടായ തർക്കത്തിന്റെ പേരിൽ രാത്രികളിൽ പലതവണയായി വിളിച്ച് ‘ആ കണക്ക് തീർക്കണമെന്നും അത് തീർക്കാതെ സമാധാനമില്ലെന്നും കൊല്ലുമെന്നും’ നിഷാദ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണിയല്ലാതെ നേരിട്ട് ആക്രമണം ഉണ്ടാകാത്തതിനാൽ മുനീസ് ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.
കഴിഞ്ഞദിവസം ഫുട്‌ബോള്‍ മത്സരം കാണുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് മുനീസ്. ഇതിനിടെ നിഷാദിനെ മുനീസ് കണ്ടു. ഇന്ന് രാത്രി ഈ കണക്ക് തീർക്കണമെന്ന് മുനീസിനോട് നിഷാദ് ആ സമയത്ത് പറഞ്ഞിരുന്നു. രണ്ട് വര്‍ഷമായാലും കണക്ക് തീര്‍ക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് നിഷാദ് പറഞ്ഞു. ഇതോടെ മത്സരം കാണാന്‍ നിക്കാതെ മുനീസും സുഹൃത്തുക്കളും വീട്ടിലേക്ക് മടങ്ങി. ഇതിനിടെ കാൽട്ടക്‌സ് ജംഗ്ഷന്‍ ഭാഗത്ത് ചായ കുടിക്കാന്‍ കയറിയിരുന്നു. മുനീസും സുഹൃത്തുക്കളും മടങ്ങിയതറിഞ്ഞ നിഷാദ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ തേടിയെത്തിയ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം നടത്തിയത്.