“സ്ത്രീ തന്നിലെ സ്ത്രീയെ കണ്ടെത്താനൊരു ദിനം”: ജ്യോതിലക്ഷ്മി നമ്പ്യാർ

0

‘വനിതാദിനം’ എന്നാൽ സ്ത്രീ പുരുഷനോട് വെല്ലുവിളിക്കുന്ന ദിനമല്ല. പുരുഷനോട് പൊരുതുവാൻ സ്ത്രീ തയ്യാറെടുക്കുന്ന ദിവസവുമല്ല. പുരുഷാധിപത്യത്തിന്റെ പുറംതോട് ഭേദിച്ച് സ്ത്രീ പുറത്തുവരുന്ന മുഹൂർത്തവുമല്ല. പുരുഷന് ബോധവത്ക്കരണം നൽകുന്ന ദിനവുമല്ല. സ്ത്രീ തന്നിലെ സ്ത്രീയെ കണ്ടെത്താനൊരു ദിനം. സ്ത്രീ തന്നിൽ ഒളിഞ്ഞുകിടക്കുന്ന വ്യക്തിത്വത്തെ സ്വയം തിരിച്ചറിയണം എന്ന് ഉത്ബോധിപ്പിക്കുന്ന ഒരു ദിനം തന്നെയാണ്.

സ്ത്രീയും പുരുഷനും പരസ്പര വിരുദ്ധങ്ങളായ ജന്മങ്ങളല്ല. സമൂഹം എന്നത് സ്ത്രീയും പുരുഷനും ചേരുന്ന ഒരു അർദ്ധനാരി സങ്കൽപ്പമാണ്. അതിൽ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ പ്രധാന്യമുണ്ട്. സ്ത്രീയെ ഒഴിവാക്കി പുരുഷനോ, പുരുഷനെ ഒഴിവാക്കി സ്ത്രീയ്ക്കോ ഒരു കുടുംബമാകാൻ കഴിയില്ല, സമൂഹമാകാൻ കഴിയില്ല എന്നത് പ്രപഞ്ച സത്യമാണ്.

പലപ്പോഴും സ്ത്രീ തന്നിലുള്ള കഴിവുകളെ തിരിച്ചറിയാതെ തന്നിൽ നിക്ഷിപ്തമാണെന്നു വിശ്വസിക്കുന്ന ഭാര്യ, ‘അമ്മ എന്നീ ഉത്തരവാദിത്വങ്ങളിൽ മാത്രം തളക്കപ്പെട്ടവളായി ജീവിക്കുന്നു. അതിൽ നിന്നും വ്യത്യസ്തമായി തനിക്ക് പലതും ചെയ്യാനുള്ള കഴിവുണ്ട് എന്ന ബോധം സ്ത്രീക്കുള്ളിൽ ഉണ്ടാകണമെന്നിടത്താണ് വനിതാദിനത്തിൽ പ്രാധാന്യം.

കാച്ചിയ എണ്ണയും, മഞ്ഞളും തേച്ചു കുളിച്ച് മറക്കുടക്കീഴിൽ യാത്രചെയ്തിരുന്ന നമ്മുടെ നാരീ സങ്കല്പമെല്ലാം ഇന്ന് മാറിയിരിക്കുന്നു. ഇന്നവൾ വിദ്യാഭ്യാസമുള്ള, വിവേകമുള്ള, സ്വയം പര്യാപ്തത നേടിയവളാണ്. പുരുഷനിലുപരി കുടുംബത്തിന്റെ, സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഇന്നവളിൽ നിക്ഷിപ്തമാണ്. കുടുംബം, സമൂഹം, ഉദ്യോഗം എന്നീ മൂന്നു തലത്തിലും തന്റെ നിറസാന്നിദ്ധ്യം നിലനിർത്താൻ നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന ഒരു യന്ത്രമായിരിക്കുകയാണ് സ്ത്രീ. ഭർതൃ സേവനവും, കുട്ടികളെ വളർത്തലും, കുടുംബ ഭരണവും ഇറക്കിവെക്കാനാകാത്ത ഒരു ഭാണ്ഡമായി ചുമന്നു നടക്കുന്നവളായി സ്വയം വിലയിരുത്താതെ മനസ്സിന് സന്തോഷം നൽകുന്ന സംതൃപ്തി ലഭിക്കുന്ന പലതും ചെയ്യാൻ എനിക്കുമുണ്ടെന്നു സ്വയം മനസ്സിലാക്കുന്ന അവസ്ഥയിലേക്ക് സ്ത്രീയുടെ മനസ്സിനെ എത്തിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. അതിലേക്കുള്ള പ്രയാണത്തിന്റെ ആഘോഷമാണ് ഓരോ വനിതാദിനവും.

ഇന്നവൾ കണ്ടെത്തേണ്ടത് അവൾക്കായി ഒരൽപ്പം സമയമാണ്. ഇന്നവൾക്കുണ്ടാകേണ്ടത് അവൾ ജീവിക്കുന്നു എന്ന സംതൃപ്തിയാണ്. അതിനായി തന്നിലുള്ള കഴിവുകളെ ഇഷ്ടങ്ങളെ താല്പര്യങ്ങളെ സ്നേഹിക്കുന്നവളായി മാറണം സ്ത്രീ.

വനിതാദിനം ആശംസിച്ചുകൊണ്ട്,

ജ്യോതിലക്ഷ്മി നമ്പ്യാർ

 

(തൃശ്ശൂർ ജില്ലയിലെ തയ്യൂർ ഗ്രാമത്തിൽ നാരായണൻ നമ്പ്യാരുടെയും, സരസ്വതി നങ്ങിയാരുടെയും ഇളയമകളാണ് ജ്യോതിലക്ഷ്‌മി . കോഴിക്കോട് സർവ്വകലാശാലയിൽനിന്നും ബിരുദം. മുംബൈ കെ.സി കോളേജിൽ നിന്നും ഇംഗ്ലീഷ് ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. വിവിധ പ്രസിദ്ധീകരണങ്ങളിൽ ആനുകാലിക വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങൾ, ചെറുകഥകൾ എന്നിവ എഴുതുന്നു. 23 വർഷങ്ങളായി മുംബൈയിൽ ജോലി ചെയ്യുന്നു.

ഇ-മലയാളി മലയാളി പോപ്പുലർ റൈറ്റർ അവാർഡ്.,വേൾഡ് ക്രിയേറ്റിവ് ഫോറം പ്രവാസി കലാ സാഹിത്യ അവാർഡ്,●പ്രൊഫ. ആർ. ജിതേന്ദ്രവര്മ സ്മാരക നാദം സാഹിത്യ പുരസ്കാരംകൂടാതെ കഥകൾക്കും, ലേഖനങ്ങൾക്കും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സൈബറിടങ്ങളിലൂടെ കുട്ടികളുടെ വളർച്ച (വൈജ്ഞാനിക ബാലസാഹിത്യം)സൈബർ ആചാര്യന്മാർ (വൈജ്ഞാനിക ബാലസാഹിത്യം)അച്ഛൻ പറഞ്ഞ കഥ (ബാലസാഹിത്യം)നിയതിയുടെ നിദര്ശനങ്ങൾ (ലേഖന സമാഹാരം)വാക്കുകൾക്ക് അതീതം വായന (ആസ്വാദനക്കുറിപ്പുകൾ)കഥയമമ (കഥ ആന്തോളജി)
കാവ്യം സുഗേയം (കവിത ആന്തോളജി)മഹാനഗരത്തിന്റെ നിറഭേദങ്ങൾ (കഥ ആന്തോളജി)
പെണ്ണി ല്ലം (അനുഭവക്കുറിപ്പുകൾ ആന്തോളജി)ഇല്ലത്തെ പ്രണയിനികൾ (പ്രണയദിനക്കുറിപ്പുകൾ – ആന്തോളജി)തിരികെ (ഓർമ്മക്കുറിപ്പുകൾ – ആന്തോളജി ) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
കുടുംബം : ഭർത്താവ് : സുനിൽ, മകൾ :അൻവിത )

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *