ഒരുമിച്ച് താമസിക്കണമെന്ന് നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി 21 വയസ്സുകാരൻവീട്ടുകാർ അറിയാതെ വിവാഹം;
ന്യൂഡൽഹി∙ പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡൻ പ്രദേശത്ത് 21 വയസ്സുകാരൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കാറിൽ ഉപേക്ഷിച്ചു. രഘുബീർ നഗർ നിവാസിയായ ഗൗതമിന്റെ ഭാര്യ മന്യ (20) ആണു മരിച്ചത്. സംഭവത്തിൽ ഗൗതമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഖയാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇന്നു പുലർച്ചെ പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഗൗതമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തന്റെ ഭാര്യയെ കൊലപ്പെടുത്തിയതായി ഗൗതം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ചിൽ, വീട്ടുകാരുടെ അനുവാദമില്ലാതെയായിരുന്നു ഗൗതമും മന്യയും തമ്മിലുള്ള വിവാഹമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവാഹശേഷവും ഇരുവരും സ്വന്തം വീടുകളിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഇടയ്ക്ക് പല സ്ഥലങ്ങളിൽവച്ച് കണ്ടുമുട്ടുകയായിരുന്നു പതിവ്. ഞായറാഴ്ച രാത്രി രജൗരി ഗാർഡൻ ഏരിയയിലെ തിതാർപുരിൽ കാറിൽവച്ചാണ് ഗൗതവും മന്യയും തമ്മിൽ കണ്ടത്. സംസാരത്തിനിടെ ഒരുമിച്ച് താമസിക്കണമെന്ന് മന്യ ആവശ്യപ്പെട്ടു. ഇതു വാക്കുതർക്കത്തിലേക്കു നയിക്കുകയും മന്യയെ ഗൗതം കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മന്യയ്ക്ക് ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരിച്ചെന്ന് ഉറപ്പായതിനു പിന്നാലെ ശിവാജി കോളജിനു സമീപം കാർ നിർത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഗൗതം പൊലീസിന്റെ പിടിയിലായത്. രജൗരി ഗാർഡൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു