ബിഹാറിലെ ആശുപത്രിയിൽനിന്ന് ജനിച്ച് 20 മണിക്കൂറുകൾ മാത്രം ആയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി.
പട്‌ന: ബിഹാറിലെ ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. ബെഗുസരായി ജില്ലയിലെ സദര്‍ ആശുപത്രിയില്‍നിന്നാണ് ജനിച്ച് 20 മണിക്കൂര്‍ മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കായുള്ള പ്രത്യേക പരിചരണവിഭാഗത്തില്‍നിന്ന്(എസ്.എന്‍.സി.യു) ഒരു സ്ത്രീ കുഞ്ഞുമായി കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ലോഹ്യനഗര്‍ സ്വദേശിനിയായ നന്ദിനി ദേവിയുടെ കുഞ്ഞിനെയാണ് ആശുപത്രിയില്‍നിന്ന് അജ്ഞാതസ്ത്രീ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച രാത്രി 10.30-ഓടെയാണ് നന്ദിനി ദേവി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ എസ്.എന്‍.സി.യു.വിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി ഏഴുമണിയോടെ കുടുംബാംഗങ്ങള്‍ കുഞ്ഞിനെ കാണാനായി എത്തിയപ്പോഴാണ് കുഞ്ഞിനെ എസ്.എന്‍.സി.യുവില്‍ കാണാനില്ലെന്ന വിവരമറിയുന്നത്. കുഞ്ഞിനെ തനിക്ക് കൈമാറിയിട്ടില്ലെന്ന് നന്ദിനി ദേവിയും പറഞ്ഞു. ഇതോടെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഒരു സ്ത്രീ എസ്.എന്‍.സി.യു.വിലേക്ക് പ്രവേശിക്കുകയും പിന്നാലെ കുഞ്ഞിനെയും എടുത്ത് തുണിയില്‍ പൊതിഞ്ഞ് പുറത്തേക്ക് പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്.
സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, എസ്.എന്‍.സി.യു. വാര്‍ഡില്‍ ഒട്ടേറെപേര്‍ പ്രവേശിക്കാറുണ്ടെന്നും ഇതില്‍നിന്ന് കുഞ്ഞിന്റെ അമ്മയെ തിരിച്ചറിയുന്നത് പ്രയാസകരമാണെന്നുമായിരുന്നു ആശുപത്രിയിലെ സിവില്‍ സര്‍ജനായ ഡോ. പ്രമോദ് കുമാര്‍ സിങ്ങിന്റെ പ്രതികരണം.