നിലമ്പൂരിൽ ആദിവാസി പെൺകുട്ടി ജീവനൊടുക്കിയ നിലയിൽ; മൃതദേഹം കണ്ടെത്തിയത് വനത്തിൽ കയറിൽ തൂങ്ങിയ നിലയിൽ
നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു, വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നിലമ്പൂർ ഗവ. മാനവേദൻ സ്‌ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ് അഖില. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. നിലമ്പൂർ സിഐയുടെ നേതൃത്വത്തിൽ പോലീസ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.