കെകെ ശൈലജയ്ക്കെതിരെ നിയമനടപടിക്കെന്ന് ഷാഫി പറമ്പില്‍
കോഴിക്കോട്: അശ്ലീല വീഡിയോ ആരോപണത്തില്‍ കെകെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ച് ഷാഫി പറമ്പില്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം ഷാഫി, വ്യക്തമാക്കിയത്. കെകെ ശൈലജയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വിമര്‍ശനങ്ങളും അധിക്ഷേപവും വ്യാപകമായിരുന്നു.
എന്നാല്‍ വീഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് ഇന്നലെ വൈകീട്ടോടെ കെകെ ശൈലജ വിഷയത്തില്‍ വ്യക്തത വരുത്തി. ഏതാണ്ട് ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തില്‍ പക്ഷേ തനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്ന് ഷാഫി പറമ്പില്‍ ചോദിച്ചിരുന്നു.
കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തില്‍ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, എന്നാല്‍ ഇതിന്‍റെ പേരില്‍ തനിക്കെതിരെ നടന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഇല്ലാതാകില്ലല്ലോ എന്നാണ് ഷാഫി പറമ്പില്‍ ചോദിച്ചത്.
ശൈലജ തിരുത്തല്‍ നടത്തിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ വീഡിയോയുടെ പേരില്‍ തന്‍റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചു എന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്. ‘സോഷ്യല്‍ മീഡിയ ഇംപാക്ട്’ യുഡിഎഫിന് അനുകൂലമാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.അതേസമയം വിവാദം വടകരയില്‍ കെകെ ശൈലജയ്ക്ക് അനുകൂലമായേ വരൂ എന്നാണ് ഇന്നലെ പിണറായി വിജയൻ പറഞ്ഞത്.