പ്രാഥമികാവശ്യങ്ങൾക്ക് പോലും സൗകര്യമില്ല; വിഴിഞ്ഞം തുറമുഖത്ത് ഫയർഫോഴ്സ് ജീവനക്കാർക്ക് ദുരിതമെന്ന് പരാതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സ്റ്റാൻഡ്ബൈ ഡ്യൂട്ടിയിലുള്ള ഫയർഫോഴ്സ് ജീവനക്കാർ ദുരിതത്തിലെന്ന് പരാതി. അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ലാത്തതിനാൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുറമുഖത്ത് ക്രെയിനുകളുമായി കപ്പലുകൾ എത്തുമ്പോൾ അഗ്നിശമന സേനാ യൂണിറ്റിന്റെ സാന്നിധ്യം ഉണ്ടാവണം. കപ്പൽ എത്തി വാർഫിൽ നങ്കൂരമിട്ട് ദൗത്യം പൂർത്തിയാക്കി കപ്പൽ മടങ്ങുന്നതുവരെ ഒരു ഫയർ എൻജിൻ യൂണിറ്റും മതിയായ ഉദ്യോഗസ്ഥരും തുറമുഖത്ത് കാവൽ ഉണ്ടാകും. ഇങ്ങനെ രാവും പകലും കാവൽ കിടക്കുന്നവർക്ക് വേണ്ട അടിസ്ഥാന സൗകര്യം ബന്ധപ്പെട്ടവർ ഒരുക്കുന്നില്ലെന്നാണ് പരാതി.
നേരത്തെ തുറമുഖത്തേക്ക് ക്രെയിനുകളുമായി എത്തിയ നാല് കപ്പലുകളും മടങ്ങിയപ്പോകുന്നതുവരെ പാഴ് വസ്തുക്കൾ കൂട്ടിയിടുന്ന ഷെഡിലായിരുന്നു വിശ്രമ സൗകര്യം ഒരുക്കിയതെന്ന് പരാതിയിൽ പറയുന്നു. രാത്രികാലങ്ങളിൽ ലോറിയിൽ കൊണ്ടുവരുന്ന സാധനങ്ങൾ ഇറക്കുന്നതുവരെ കിടക്കയുമെടുത്ത് മാറി നിൽക്കേണ്ടിയും വന്നു. ഇത് കൂടാതെ കടുത്ത ചൂടും കൊതുക് കടിയും എലി ശല്യവും കൊണ്ട് വശം കെട്ടതോടെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് ഡിപ്പാർട്ട്മെന്റിലെ ഉന്നതർക്ക് പരാതി നൽകി. ഇതോടെ തുറമുഖ കവാടത്തിന് സമീപത്തെ താല്കാലിക ഷെഡിലെ ഒരു ചെറിയ മുറി ഫയർ യൂണിറ്റിന് വിശ്രമിക്കാനായി ഒരാഴ്ച മുൻപ് അനുവദിച്ച് നൽകിയെങ്കിലും 24 മണിക്കൂറും ജോലി നോക്കുന്ന ജീവനക്കാർക്ക് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ മതിയായ സൗകര്യം ഇപ്പോഴുമായിട്ടില്ല.
രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ സമീപത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ബാത്ത്റൂം ഉപയോഗിക്കാം. എന്നാൽ രാത്രിയിൽ കവാടത്തിൽ നിന്ന് ഒരു കിലോമീറ്ററിനപ്പുറമുള്ള തുറമുഖത്തിനുള്ളിൽ നിന്ന് വാഹനം എത്തുന്നതുവരെ കാത്തിരിക്കണമെന്നാണ് ജീവനക്കാർ പറയുന്നത്.