പീഡിപ്പിച്ച ശേഷം വിവാഹം ചെയ്തു, തുടര്‍ന്ന് ഉപേക്ഷിച്ചു: നിയമവിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
പാറശ്ശാല : പാറശ്ശാലയിൽ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാറശ്ശാല സ്വദേശി ശ്രുതീഷ് ആണ് പിടിയിലായത്. ജിംനേഷ്യത്തില്‍ വച്ചാണ് ശ്രുതീഷ് നിയമ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു.
സംഭവ ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തിയത് അറിഞ്ഞ പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതി നല്‍കി. ഇതോടെ കേസില്‍ നിന്നു ഒഴിവാകുന്നതിനു വേണ്ടി നിശ്ചയിച്ച വിവാഹം ഒഴിവാക്കി വിദ്യാര്‍ത്ഥിനിയെ സമീപത്തെ ഒരു ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം ചെയ്തു.
രണ്ടാഴ്ചയോളം കൂടെ താമസിച്ചു. ഇതിന് ശേഷം ശ്രുതീഷ് ജോലിക്കെന്ന പേരില്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. ഇയാള്‍ തിരിച്ചെത്താതായതോടെ ആണ് പെണ്‍കുട്ടി പാറശാല പോലീസില്‍ പരാതി നല്‍കിയത്. ഒളിവിലായിരുന്ന യുവാവിനെ തമിഴ്‌നാട്ടില്‍ നിന്നാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്യത്തില്‍ പിടികൂടിയത് . പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.