കോഴിക്കോട് കള്ളവോട്ട് പരാതിയിൽ 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട് : കോഴിക്കോട് വീട്ടിലെ വോട്ടില്‍ ആളുമാറി വോട്ടു ചെയ്യിപ്പിച്ച സംഭവത്തിൽ നാല് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. പോളിങ് ഓഫീസർ, സ്പെഷ്യൽ പോളിങ് ഓഫീസർ, മൈക്രോ ഒബ്സർവർ ബിഎൽഒ എന്നിവരെയാണ് ജില്ല ഭരണാധികാരിയായ കളക്ടർ സസ്പെന്റ് ചെയ്തത്. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതില്‍ വരുത്തിയ വീഴ്ച വ്യക്തമായതോടെയാണ് നടപടി. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കമ്മീഷണർക്കും കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് പെരുവയൽ 84 നമ്പർ ബൂത്തിലാണ് ആൾമാറി വോട്ട് ചെയ്യിപ്പിച്ച സംഭവം. 91 കാരി പായംപുറത്ത് ജാനകിയമ്മയുടെ വോട്ടാണ് എണ്‍പതുകാരിയായ കോടശ്ശേരി ജാനകിയമ്മ എന്നയാളുടെ പേരില്‍ വീട്ടിലെത്തി മാറ്റി ചെയ്യിപ്പിച്ചത്. എൽഡിഎഫ് ഏജൻ്റ് എതിർത്തിട്ടും ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചു. പിന്നാലെ കള്ളവോട്ടാണ് നടന്നതെന്നു ബിഎല്‍ഒക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് നടപടി.പരാതി കൊടുക്കരുതെന്നാവശ്യപ്പെട്ട് ബിഎൽഒ വീട്ടിലെത്തിയെന്നും വോട്ട് നഷ്ടമായ ജാനകി അമ്മ പ്രതികരിച്ചിരുന്നു.