ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം: പള്ളിവേട്ട ഇന്ന്
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും.ഞായറാഴ്ച വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഇന്ന് രാത്രി 8.30ന് ഏകാദശി പൊന്നും ശ്രീബലിക്കൊപ്പം വലിയകാണിക്ക നടക്കും.ഭക്തർക്ക് കാണിക്ക അർപ്പിക്കാം.ഉത്സവശീവേലിക്ക് ശേഷമാണ് വേട്ടയ്‌ക്ക് എഴുന്നള്ളത്ത് ആരംഭിക്കുന്നത്.ശ്രീപദ്മനാഭ സ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും എഴുന്നള്ളിക്കും.വാദ്യമേളങ്ങളില്ലാതെയാണ് വേട്ടപ്പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തുക.പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തുന്നത്.ഇതിനുശേഷം വടക്കേനട വഴി വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭന്റെ വിഗ്രഹം വച്ച് നവധാന്യങ്ങൾ മുളപ്പിച്ചത് ചുറ്റും വച്ച് മുളയീട് പൂജ നടത്തും.
ഞായറാഴ്ച പുലർച്ചെ 5ന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനവും തുടർന്ന് നിർമ്മാല്യവും നടത്തും.വൈകിട്ട് 5ന് ആറാട്ട് ചടങ്ങുകൾ തുടങ്ങും.ശ്രീകോവിലിൽ ദീപാരാധനയ്‌ക്കുശേഷം ഗരുഡ വാഹനത്തിൽ ശ്രീപദ്മനാഭനെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ഘോഷയാത്രയ്ക്ക് ആരംഭമാകും.ഇവയ്‌ക്കൊപ്പം ചേരാനായി പെരുന്താന്നി ഇരവിപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,തമലം പൂജപ്പുര ത്രിവിക്രമംഗലം ശ്രീമഹാവിഷ്‌ണു ക്ഷേത്രം,കുളത്തൂർ തൃപ്പാദപുരം മേജർ തൃപ്പാപ്പൂർ ശ്രീമഹാദേവർ ക്ഷേത്രം,ശ്രീവരാഹം ശ്രീലക്ഷ്‌മി വരാഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും.ഇവയും ചേർന്നാണ് കൂടിയാറാട്ടിനായി ശംഖുംമുഖത്തേക്ക് ഘോഷയാത്ര എത്തുക.വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെ ഘോഷയാത്ര ശംഖുംമുഖത്തെത്തും.തീരത്തെ കൽമണ്ഡപത്തിൽ ഇറക്കിവച്ച വിഗ്രഹങ്ങളെ പൂജകൾക്കു ശേഷം സമുദ്രത്തിലാറാടിക്കും.എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.ആറാട്ടിന്റെ ഭാഗമായി വൈകിട്ട് 4 മുതൽ 9 വരെ വിമാനത്താവളം അടച്ചിടും.