തെക്കേ ഗോപുര നട തുറന്ന് നെയ്തലകാവിലമ്മ; സാംസ്കാരിക നഗരം ഇനി പൂരാവേശത്തിലേക്ക്
എറണാകുളം ശിവകുമാർ തെക്കേ ഗോപുര നടതുറന്ന് തുമ്പിക്കൈ ഉയർത്തി എത്തിയതോടെ സാംസ്കാരിക നഗരം അക്ഷരാർത്ഥത്തിൽ പൂരാവേശത്തിലേക്ക് കടന്നു. പൂര വിളംബരം നടത്തുന്നതിനായി നെയ്തല കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി തുമ്പിക്കൈ ഉയർത്തി ശിവകുമാർ ജനക്കൂട്ടത്തെ വണങ്ങി.
രാവിലെ എട്ടുമണിയോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് കുറ്റൂർ നെയ്തല കാവിൽ നിന്നും ശിവകുമാർ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി എത്തിയത്. തേക്കിൻകാട് മൈതാനത്തെത്തിയ ശിവകുമാറിനെ ആർപ്പുവിളികളുടെയാണ് ജനസാഗരം എതിരേറ്റത്.
https://www.youtube.com/watch?v=dsB-H7WdfpM
പാണ്ടിമേളം കേട്ട് ശ്രീമൂല സ്ഥാനത്ത് നിന്നവരും ഒരു ഘടക പൂരം കണ്ട ആഹ്ലാദത്തിലായിരുന്നു. പടിഞ്ഞാറേ നടയിലൂടെ എഴുന്നള്ളിപ്പ് വടക്കുംനാഥ ക്ഷേത്രം മതിൽ കെട്ടിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ ഉള്ളിൽ നിന്നും മൂന്ന് ശംഖു വിളികൾ മുഴങ്ങുകയും പുറത്ത് ജനാരവം ഉയരുകയും ചെയ്തു.
പിന്നീട് തെക്കേഗോപുര നട തുറന്ന് ഉള്ളിലെ ആദ്യ വാതിൽ തുറന്ന് ശിവകുമാർ പുറത്തെത്തിയതോടെ പുറത്ത് മേളത്തേക്കാൾ ഉച്ചത്തിൽ ജനഘോഷം മുഴങ്ങി. നിലപാട് തറയിൽ എത്തിയ ശിവകുമാർ ജനത്തിന് നേരെ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്ത് പൂര വിളംബരം നടത്തി.