റെക്കോഡ് റൺ ചേസുമായി രാജസ്ഥാൻ: ജോസ് ബട്ലർ
കോൽക്കത്ത: ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസുമായി രാജസ്ഥാൻ റോയൽസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ അദ്ഭുത വിജയം കുറിച്ചു. രണ്ട് വിക്കറ്റ് മാത്രം ബാക്കി നിൽക്കെ അവസാന പന്തിൽ 224 റൺസ് എന്ന വിജയ ലക്ഷ്യം ഓടിയെടുക്കുമ്പോൾ ജോസ് ബട്ലറുടെ അദ്ഭുത ഇന്നിങ്സും ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു.
56 പന്തിൽ 109 റൺസെടുത്ത ഓപ്പണർ സുനിൽ നരെയ്നാണ് കോൽക്കത്തയെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്. എന്നാൽ, മറുവശത്തെ ബാറ്റിങ് തകർച്ചയെ കൂടി അതിജീവിച്ച് ബട്ലർ 60 പന്തിൽ പുറത്താകാതെ നേടിയ 107 റൺസ് മത്സരഫലം അപ്രതീക്ഷിതമായി സന്ദർശക ടീമിന് അനുകൂലമായി തിരിക്കുകയായിരുന്നു. ആകെ 447 റൺസ് പിറന്ന മത്സരത്തിൽ നരെയ്നും ബട്ലറുമല്ലാതെ ഒരു ബാറ്റർ പോലും അർധ സെഞ്ചുറി പോലും നേടിയതുമില്ല.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റന് സഞ്ജു സാംസൺ ആതിഥേയരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഫിൽ സോൾട്ടിനെ (13 പന്തിൽ 10) വേഗത്തിൽ നഷ്ടമായെങ്കിലും യുവതാരം അംഗ്കൃഷ് രഘുവംശിയെ (18 പന്തിൽ 30) കൂട്ടുപിടിച്ച് നരെയ്ൻ വെടിക്കെട്ടിനു തിരികൊളുത്തി. അതിനു ശേഷം റിങ്കു സിങ്ങിനു (9 പന്തിൽ പുറത്താകാതെ 20) മാത്രമാണ് കാര്യമായ സംഭാവന നൽകാൻ സാധിച്ചത്. രാജസ്ഥാനു വേണ്ടി ആവേശ് ഖാനും കുൽദീപ് സെന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.