റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ട്; അതിജീവത, ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി ഡിവിഷൻ ബെഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകാനുള്ള സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപ് ഹൈകോടതിയിൽ അപ്പീൽ നൽകിയത്.തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്നും ദിലീപ് കോടതിയിൽ വാദിച്ചത്.
അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകണമെന്ന ഉത്തരവിൽ സിംഗിൾ ബെഞ്ച് തന്‍റെ എതിർപ്പ് രേഖപ്പെടുത്തിയില്ലെന്നതും ദിലീപിന് പരാതിയുണ്ട്. എന്നാൽ മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും, മൊഴി നൽകേണ്ടതില്ലെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും അതിജീവിത കോടതിയിൽ വാദിച്ചു. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ അറിയാൻ ഹർജിക്കാരി എന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത വ്യക്തമാക്കി. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.