അതിജീവിതക്കെതിരെ ദിലീപ് ഹൈക്കോടതിയിൽ..
അതിജീവിതക്കെതിരെ ദിലീപ് ഹൈകോടതിയിൽ. മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജഡ്ജി ഹണി എം വർഗീസ് വസ്തുത പരിശോധന നടത്തിയിരുന്നു.ഈ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് അപ്പീലിലെ ആവശ്യം. അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിനെതിരെയാണ് ദിലീപ് ഇപ്പോൾ രംഗത്തെത്തിയത്. തീർപ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ ബെഞ്ച് ഉത്തരവിട്ടതെന്നും ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപ് ഹർജിയിൽ പറയുന്നു. ഈ ഹർജി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും.
ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു അതിജീവിതയ്ക്ക് നൽകിയത്. എന്നാൽ റിപ്പോർട്ടിലെ സാക്ഷി മൊഴികളുടെ പകർപ്പ് നൽകിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈക്കോടതി സമീപിച്ചിരുന്നു. മൊഴികളുടെ പകർപ്പ് നൽകാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അതിജീവിത പ്രതികരിച്ചിരുന്നു. ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്ന് അതിജീവത പറഞ്ഞു. താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും അതിജീവിത പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ.